വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ടു മാസമായി ആശുപത്രിയിൽ
text_fieldsജുബൈൽ: വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ടു മാസമായി മലയാളി യുവാവ് ആശുപത്രിയിൽ. മൂവാറ്റുപുഴ കാലാമ്പൂർ സ്വദേശി റംസാലാണ് (29) കഴിഞ്ഞ ഒക്ടോബർ 27ന് സംഭവിച്ച വാഹനാപകടത്തെത്തുടർന്ന് ദമ്മാം ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ കഴിയുന്നത്.
ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു റംസാൽ. സഹപ്രവർത്തകരെയും കൊണ്ട് ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.
ദമ്മാം-റിയാദ് റോഡിൽ സഞ്ചരിക്കുേമ്പാൾ ആകസ്മികമായി വണ്ടി നിന്നു. തുടർന്ന് പുറത്തിറങ്ങി തകരാർ പരിശോധിക്കുമ്പോൾ വണ്ടി കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ആംബുലൻസിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപസ്മാരത്തെത്തുടർന്ന് കുറച്ചു ദിവസം അബോധാവസ്ഥയിലാവുകയും ചെയ്തു.
രണ്ടു മാസത്തെ ചികിത്സക്കിടെ ബോധം തിരിച്ചുകിട്ടിയെങ്കിലും ആശുപത്രിയിൽ തുടരുകയാണ്. ഈയാഴ്ച ഡിസ്ചാർജ് ചെയ്ത് നാട്ടിലേക്ക് കൊണ്ടു പോകാൻ കഴിയുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ സ്ഥിതി അൽപം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ശ്വാസോച്ഛ്വാസവും സംസാരശേഷിയും പൂർവ സ്ഥിതിയിലായിട്ടില്ല. വെന്റിലേറ്ററിന്റെയും മറ്റു ഉപകരണങ്ങളുടെയും സഹായത്തോടെയാണ് ഇപ്പോഴുമുള്ളത്. ആറ് മാസമെങ്കിലും സ്പെഷാലിറ്റി ആശുപത്രിയിൽ തുടർ ചികിത്സ ആവശ്യമായി വരും. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന തുടർ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് റംസാലിന്റെ കുടുംബം.
മൂവാറ്റുപുഴ തേക്കുംകാട്ടിൽ സലീമാണ് പിതാവ്. ഉമ്മയും വാപ്പയും അനുജനും അടങ്ങുന്ന കുടുംബം സാമ്പത്തികമായി പിറകിലാണ്. അപകട വാർത്ത അറിഞ്ഞയുടൻ സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (സീഫ്) സഹായിക്കാൻ മുന്നോട്ട് വന്നിരുന്നു.
ആരോഗ്യ പുരോഗതി സമയബന്ധിതമായി വിലയിരുത്തുകയും സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുമായും റംസാൽ ജോലി ചെയ്യുന്ന കമ്പനിയുമായും ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾ ലഭ്യമാക്കാൻ പ്രയത്നിക്കുകയും ചെയ്തിരുന്നു.
ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസും എംബസിയുടെ സഹായം വേഗത്തിൽ ലഭ്യമാക്കാൻ ഇടപെടൽ നടത്തുന്നുണ്ട്. മഞ്ജു മണിക്കുട്ടൻ വഴി നോർക്കയുടെ സഹായവും തേടിയിട്ടുണ്ട്. ഏകദേശം 35,000 സൗദി റിയാൽ വരുന്ന യാത്രാചെലവ് ഇന്ത്യൻ എംബസിയും സീഫും ചേർന്നാണ് വഹിക്കുന്നത്.
യാത്രയിൽ സ്ട്രെച്ചർ, വെന്റിലേറ്റർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഡോക്ടറുടെയും നഴ്സിന്റെയും തുണയും വേണ്ടി വരും. നാട്ടിലെത്തിച്ച് റംസാലിന് മികച്ച ചികിത്സ ലഭ്യമാക്കാനുളള പരിശ്രമത്തിലാണ് സീഫ് പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.