വൻകിട വിനോദ പദ്ധതികൾക്ക് വീണ്ടും വേദിയൊരുങ്ങുന്നു
text_fieldsറിയാദ്: കോവിഡ് ഭീതി കുറഞ്ഞതോടെ സൗദിയിൽ ടൂറിസം ലക്ഷ്യംവെച്ചുള്ള വൻകിട വിനോദ പദ്ധതികൾ ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി പ്രഖ്യാപിച്ചു. 'റിയാദ് ഒയാസിസ്' എന്ന പേരിൽ മൂന്നു മാസം നീളുന്ന വാണിജ്യ വിനോദ പരിപാടിക്ക് ഞായറാഴ്ച തുടക്കമാകും. സൗദിയുടെ വിവിധ പ്രവിശ്യകളിലും വരുംദിനങ്ങളിൽ പരിപാടികളുണ്ടാകും.
ഇതോടെ പ്രതീക്ഷയിലാണ് വ്യാപാര വാണിജ്യ മേഖല. കോവിഡ് കാരണം നിർത്തിവെച്ച വൻകിട വിനോദ പദ്ധതികൾക്ക് തുടക്കം കുറിക്കുകയാണ്. ശീതകാലത്തെ വരവേറ്റുള്ള വാണിജ്യ വിനോദ ഭക്ഷ്യമേളയാണ് 'റിയാദ് ഒയാസിസ്'. മൂന്നുമാസം നീളുന്നതാണ് ഫെസ്റ്റിവൽ. രാജ്യത്തെ യുവതീയുവാക്കളുടെ സഹായത്തോടെ തുടങ്ങുന്ന പദ്ധതിയുടെ പ്രഖ്യാപനം ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി പ്രസിഡൻറ് തുർക്കി അൽശൈഖാണ് നിർവഹിച്ചത്.
ഞായറാഴ്ച റിയാദ് നഗരത്തിെൻറ വടക്കു ഭാഗത്തുള്ള ഉത്സവനഗരിയിലാണ് റിയാദ് ഒയാസിസ് പരിപാടികൾ അരങ്ങേറുന്നത്. പരിപാടിയിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. കലാകായിക പരിപാടികൾ, സംഗീത പരിപാടികൾ, ഭക്ഷ്യമേളകൾ എന്നിവയുണ്ടാകും. ലോകോത്തര റസ്റ്റാറൻറുകൾ ഇവിടെ ഇടംപിടിച്ചുകഴിഞ്ഞു. ഇവിടെയൊരുക്കിയ ടെൻഡുകളും ബുക്ക് ചെയ്യാം. വിനോദ മേഖലയിൽ നടപ്പാക്കാവുന്ന 20 പദ്ധതികൾ സമർപ്പിക്കാൻ സൗദി ജനങ്ങൾക്കിടയിൽ അതോറിറ്റി മത്സരം പ്രഖ്യാപിച്ചിരുന്നു. ഇതിലെ ആദ്യ പരിപാടി കൂടിയാണിത്. സൗദി യുവാക്കൾ തന്നെയാണ് സംഘാടകർ. ഒപ്പം ലോകോത്തര കമ്പനികളും സഹകരിക്കുന്നു.
എണ്ണയിതര വരുമാനം ലക്ഷ്യംവെച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും കീഴിൽ പ്രവർത്തനം ആരംഭിച്ചതാണ് ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി.
ലോകോത്തര പരിപാടികൾ ഇൗ അതോറിറ്റിക്ക് കീഴിൽ നടക്കുന്നു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മുന്നൂറോളം വൻകിട പരിപാടികൾ കോവിഡ് കാരണം റദ്ദാക്കിയിരുന്നു. ശതകോടി കണക്കിന് വരുമാനം നേടിയ മേഖലയുടെ തിരിച്ചുവരവിനു കൂടിയാണ് 'റിയാദ് ഒയാസിസ്' തുടക്കം കുറിക്കുന്നത്. ഇതോടെ രാജ്യത്തെ ഹോട്ടൽ, ടൂറിസം, വ്യാപാര മേഖലകൾ വലിയ പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.