നന്മയിൽ മുന്നേറാൻ സംഘടിത ജീവിതത്തിലൂടെ കഴിയും -സി.ടി. സുഹൈബ്
text_fieldsഅസീർ: വ്യക്തിപരമായ നന്മകൾക്കൊപ്പം സാമൂഹികമായ പ്രവർത്തനങ്ങൾകൂടി ചേരുമ്പോഴാണ് കൂടുതൽ നന്മകളുടെ ഭാഗമാകാൻ സാധിക്കുകയെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പറഞ്ഞു.
‘നന്മയുടെ പാതയിൽ മുന്നേറുക’എന്ന കാമ്പയിനിന്റെ ഭാഗമായി അസീറിൽ യൂത്ത് ഇന്ത്യയും തനിമ സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച അഹ്ലൻ റമദാൻ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ മുഴുസമയവും നന്മയിൽ മുന്നേറാൻ സംഘടിത ജീവിതത്തിലൂടെ കഴിയും. വ്യക്തികൾ ചെയ്യുന്നതിനേക്കാൾ നന്മകൾ കൂട്ടായ്മയിലൂടെ നിർവഹിക്കാൻ കഴിയുക വഴി സ്രഷ്ടാവിന്റെ തൃപ്തി കരസ്ഥമാക്കി സ്വർഗവാസികളാകാനും കഴിയും. നമസ്കാരത്തിലൂടെ വിശ്വാസി അല്ലാഹുവിലേക്ക് അടുക്കുകയും വ്രതത്തിലൂടെ സൂക്ഷ്മത പാലിക്കുന്നവരായും മാറുന്നു.
വിശുദ്ധ റമദാനിൽ ദാനധർമത്തിലും വിശുദ്ധ ഖുർആൻ പഠന പാരായണങ്ങളിലൂടെയും വിശുദ്ധരാവാനും ഉന്നതമായ സ്വർഗത്തിലേക്കെത്താനും വിശ്വാസികൾ തയാറാവണം. മരണമെന്ന യാഥാർഥ്യത്തെ സന്തോഷപൂർവം അഭിമുഖീകരിക്കാൻ നന്മകളിലൂടെ മുന്നേറാൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തിലെ അവശരോടും അടിച്ചമർത്തപ്പെട്ടവരോടുമുള്ള കടമകൾ കൂട്ടായ്മയിലൂടെ പരിഹരിക്കാൻ മുന്നിട്ടിറങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
യോഗത്തിൽ തനിമ സോണൽ രക്ഷാധികാരി മുഹമ്മദ് അലി ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ അസീർ ചാപ്റ്റർ പ്രസിഡന്റ് സുഹൈൽ പാറാടൻ സ്വാഗതവും അബ്ദുറഹീം കരുനാഗപ്പിള്ളി നന്ദിയും പറഞ്ഞു. ഈസ ഉളിയിൽ ‘ഖുർആനിൽനിന്ന്’അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.