വർഷം ആറ് ലക്ഷം ടൺ മത്സ്യ-മാംസാദികൾ പാഴാകുന്നതായി റിപ്പോർട്ട്
text_fieldsറിയാദ്: സൗദി അറേബ്യയിൽ പ്രതിവർഷം ആറ് ലക്ഷം ടൺ മത്സ്യമാംസാദികൾ പാഴാകുന്നതായി ജനറൽ ഫുഡ് സെക്യൂരിറ്റി അതോറിറ്റിയുടെ (ജി.എഫ്.എസ്.എ) റിപ്പോർട്ട്. ഭക്ഷ്യനഷ്ടവും മാലിന്യവും കുറക്കുന്നതിനുള്ള ദേശീയ പരിപാടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തിനിടെയാണ് ജി.എഫ്.എസ്.എ ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രതിഭാസം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അതോറിറ്റി ആഹ്വാനം ചെയ്തു.
സൗദിയിലെ പ്രധാന ഭക്ഷണങ്ങളിൽപെട്ടതാണ് മാംസമെങ്കിലും വലിയ അളവിൽ ഇത് പാഴാക്കപ്പെടുന്നുണ്ടെന്ന് ജി.എഫ്.എസ്.എ വ്യക്തമാക്കി. 4.44 ലക്ഷം ടണ്ണിലധികം കോഴിയിറച്ചിയും 22,000 ടണ്ണിലധികം ആടുകളുടെ മാംസവും 13,000 ടണ്ണിലധികം ഒട്ടകമാംസവും പാഴാക്കപ്പെടുന്നുണ്ട്. 41,000 ടണ്ണിലധികം മാട്ടിറച്ചിയും 69,000 ടണ്ണിലധികം മത്സ്യവും പാഴാകുന്നു. വലിയ അളവിൽ ഭക്ഷണം വാങ്ങുന്നതും ദുരുപയോഗം ചെയ്യുന്നതും ആവശ്യത്തിലധികം അളവിൽ ഭക്ഷണം തയാറാക്കുന്നതും പാഴാകാനുള്ള കാരണങ്ങളാണ്.
ഭക്ഷ്യനഷ്ടവും മാലിന്യവും കുറക്കുന്നതിനുള്ള ദേശീയ പരിപാടി നടപ്പാക്കുന്ന സൗദി ഗ്രെയിൻസ് ഓർഗനൈസേഷൻ (സാഗോ) ഭക്ഷ്യ വൈവിധ്യവത്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി കഴിഞ്ഞ വർഷം മുതൽ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
ഉപഭോഗത്തിന്റെ നല്ല രീതികൾ പ്രോത്സാഹിപ്പിക്കുകയും ഭക്ഷണം പാഴാക്കുന്നത് കുറക്കുന്നതിന് സഹായിക്കുകയും പരിഹാരങ്ങൾ നിർദേശിക്കുകയുമാണ് സാഗോ ചെയ്യുന്നത്. രാജ്യത്ത് പ്രതിവർഷം പാഴാക്കപ്പെടുന്ന ഭക്ഷ്യ വസ്തുക്കളുടെ മൂല്യം 4,000 കോടി റിയാൽ വരുമെന്ന് വ്യക്തമാക്കിയ അതോറിറ്റി ഭക്ഷ്യമാലിന്യത്തിന്റെ അളവ് മുൻ വർഷത്തേക്കാൾ 33 ശതമാനം കുറഞ്ഞതായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.