യാംബുവിലും ആവേശത്തിരയിളക്കി വേനൽകാല ഉത്സവം
text_fieldsയാംബു: സൗദി ടൂറിസം അതോറിറ്റി ജൂൺ 24ന് ആരംഭിച്ച വേനൽകാല ഉല്ലാസ പരിപാടികൾ യാംബുവിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും. 'സൈഫിനാ അലാ ജവ്വിക' (നമുക്ക് വേനൽകാലം ആസ്വദിക്കാം) എന്ന മുദ്രാവാക്യത്തോടെ സെപ്റ്റംബർ അവസാനം വരെ 11 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമാണ് യാംബുവും. 250 സ്വകാര്യ ടൂറിസം ഏജൻസികളുടെ പങ്കാളിത്തത്തോടെ 500 ലധികം ടൂറിസം പദ്ധതികളാണ് രാജ്യത്ത് ഇൗ ഉത്സവകാലത്ത് നടപ്പാക്കുന്നത്. കടലിലെ ഉല്ലാസവും കടൽത്തീര വിനോദ പരിപാടികളും സഞ്ചാരികൾക്കായി പ്രത്യേകം ആവിഷ്കരിക്കുന്നുണ്ട്.
സൗദി ടൂറിസം അതോറിറ്റിയുടെ പ്രഖ്യാപിത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ യാംബുവിലെ വാട്ടർ ഫ്രൻഡ് പാർക്ക് സന്ദർശകർക്ക് ഹൃദ്യമായ ഉല്ലാസ അനുഭവം സമ്മാനിക്കുന്നു.
യാംബു റോയൽ കമീഷന് കീഴിൽ ബീച്ച് ഹൈവേയിൽ 11 കി.മീ. നീളത്തിൽ വിശാലമായി ഒരുക്കിയതാണ് വാട്ടർ ഫ്രൻഡ് പാർക്ക്. ചെങ്കടൽതീരത്തെ ഈ പാർക്കിെൻറ ചില ഭാഗങ്ങളിൽ കടലിൽ നീന്താൻ പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിശ്രമകൂടാരങ്ങൾ, കളിസ്ഥലങ്ങൾ, കുട്ടികൾക്കായി ഉല്ലാസ സംവിധാനങ്ങൾ, വിശാലമായ വാഹന പാർക്കിങ് സൗകര്യം തുടങ്ങി സന്ദർശകർക്കായി എല്ലാം ഈ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശകരുടെ താൽപര്യമനുസരിച്ച് ആസ്വദിക്കാനും സന്ദർശിക്കാനും പറ്റിയ വിവിധ ഇടങ്ങൾ യാംബു നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ വേറെയും ഉണ്ട്.
2,982 ചതുരശ്ര മീറ്ററിലേറെ വിസ്തീർണമുള്ള യാംബു തടാകവും 21,276 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിശാലമായ പുൽമേടുകളാൽ മനോഹരമായ ഉദ്യാനവും, 2,32,800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ച 11 കി.മീ. വ്യാപിച്ചുകിടക്കുന്ന മനുഷ്യനിർമിത ഉല്ലാസ കേന്ദ്രമായ നൗറസ് ദ്വീപ്, ചരിത്രശേഷിപ്പുകളുടെ സംരക്ഷിത കേന്ദ്രമായ ഹെറിറ്റേജ് സിറ്റി, ഷറം ബീച്ചിലെയും യാംബു റോയൽ കമീഷൻ ബീച്ചിലെയും ബോട്ടിങ്, കടലിലെ നീന്തൽ ഇടങ്ങൾ എന്നിവ വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ശാന്തമായ തെളിഞ്ഞ സമുദ്രഭാഗങ്ങൾ യാംബുവിൽ ആരെയും ആകർഷിക്കും. കുളിക്കാനും ഉല്ലാസ ബോട്ടുകളിൽ യാത്ര നടത്താനും പറ്റിയ ശാന്തമായ അവസ്ഥയാണ് ഈ ഭാഗത്തെ കടലിന്. വൃത്തിയുള്ള ടോയ്ലറ്റുകളും ഇരിക്കാനുള്ള കൂടാരങ്ങളും ഈ ബീച്ചിലുണ്ട്.
മീൻപിടിത്തം, ഫോേട്ടാഗ്രഫി തുടങ്ങിയവക്കും അനുയോജ്യമായ ഇടം എന്ന നിലക്കും ബീച്ച് പ്രസിദ്ധമാണ്. അറബിക്കടലിെൻറ തീരങ്ങളിലേതുപോലുള്ള തിരമാലകൾ ചെങ്കടലിനില്ല. വാരാന്ത്യങ്ങളിലാണ് വിവിധ ഭാഗങ്ങളിൽനിന്ന് വിദേശികളും സ്വദേശികളും എത്തുന്നത്. കടുത്ത വേനൽകാലവും തണുപ്പുകാലവും കടൽ ടൂറിസത്തിന് പറ്റിയതല്ലെങ്കിലും യാംബുവിൽ എപ്പോഴും മിതമായ കാലാവസ്ഥയായതിനാൽ ഏതുകാലത്തും കടലിൽ സവാരി ചെയ്യാനും ഡൈവ് ചെയ്യാനും വിനോദത്തിനുമായി നിരവധി പേർ ദിവസവും ഇവിടെ എത്തുന്നു. കുറച്ചു വർഷങ്ങളായി സൗദിയിലെ മറൈൻ ടൂറിസത്തിന് സ്വീകാര്യത ഏറിവരുകയാണ്. ഇപ്പോൾ മികച്ച വിനോദസഞ്ചാര മേഖലയായി മാറ്റാൻ ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ ടൂറിസം വകുപ്പ് സജീവമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.