അണിഞ്ഞൊരുങ്ങി മിനാ താഴ്വാരം
text_fieldsമക്ക: ഹജ്ജിനുള്ള ഒരുക്കമെല്ലാം പൂർത്തിയാക്കി തമ്പുകളുടെ നഗരി മിനാ താഴ്വാരം അല്ലാഹുവിൻറെ അതിഥികളെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. തമ്പുകൾക്കു പുറമെ ബിൽഡിങ്ങുകളിലും ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുണ്ട്. വിപുലമായ സൗകര്യങ്ങളാണ് ഓരോ താമസ സ്ഥലത്തും ഹാജിമാരെ കാത്തിരിക്കുന്നത്.
രണ്ടുവശങ്ങൾ മലകളാൽ ചുറ്റപ്പെട്ട ഒന്നരലക്ഷത്തോളം തമ്പുകളുള്ള, 11 മാസം ശാന്തമായിക്കിടന്ന മിനാ ദീപങ്ങളാൽ അലംകൃതമായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ഇന്ന് രാത്രിയോടെ മിനാ തൽബിയത്ത് മന്ത്രങ്ങളാൽ മുഖരിതമാകും. 70 തമ്പുകളും ആറ് കെട്ടിട സമുച്ചയങ്ങളും തയാറായിക്കഴിഞ്ഞു. ഓരോ സ്ഥലത്തും പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും നിലയുറപ്പിക്കും. സർവിസ് കമ്പനികൾക്കാണ് താമസ കേന്ദ്രങ്ങൾ ഒരുക്കാനും ഭക്ഷണം എത്തിക്കാനുമുള്ള ചുമതല. ഓരോ തീർഥാടകനും തമ്പുകളിൽ 5. 33 ചതുരശ്ര മീറ്റർ കെട്ടിടത്തിൽ 4.37 ചതുരശ്രമീറ്റർ എന്ന ക്രമത്തിൽ സ്ഥലം അനുവദിച്ചാണ് താമസം ഒരുക്കിയിട്ടുള്ളത്.
ഓരോ തമ്പിലും കെട്ടിടത്തിലും ഊഷ്മാവ് പരിശോധിക്കുന്ന തെർമൽ സ്കാനിങ് യന്ത്രങ്ങളും സംവിധാനിച്ചിട്ടുണ്ട്. താമസസ്ഥലങ്ങളിൽ ഹാജിമാർക്ക് മൂന്നു സമയം ഭക്ഷണം ഹജ്ജ് സർവിസ് കമ്പനികൾ വിതരണം ചെയ്യും. മാസ്ക്, ടിഷ്യു, നമസ്കാരപ്പായ, സാനിറ്റൈസർ മുതലായവ കൈയിൽ കരുതണം എന്ന് നിർദേശമുണ്ട്. മസ്ജിദുൽ ഹറാമിൽ പ്രവേശന പ്രദക്ഷിണം നടത്തി ഇന്നു രാത്രി യോടെ ഹാജിമാർ മിനാ തമ്പുകളിൽ എത്തിത്തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.