റിയാദ് കെ.എം.സി.സിയിലെ വിഭാഗീയത: രണ്ട് വിഭാഗങ്ങൾക്കും വിലക്കിട്ട് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി
text_fieldsറിയാദ്: കെ.എം.സി.സിയിൽ നിലനിൽക്കുന്ന സംഘടനാ പ്രശ്നങ്ങൾ കാരണം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടേയും മലപ്പുറം ജില്ല കമ്മിറ്റിയുടെയും പ്രവർത്തനങ്ങൾ നിർത്തിവെക്കുവാൻ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിർദ്ദേശം നൽകി. സംസ്‌ഥാന ലീഗ് കമ്മിറ്റിയുടെ ലെറ്റർ ഹെഡിൽ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം ഒപ്പ് വെച്ച കത്താണ് ഇരു കമ്മിറ്റികൾക്കും നൽകിയത്.
കാലങ്ങളായി റിയാദിൽ കെഎംസിസി സംഘടന രംഗത്ത് ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമാണ്. ദിവസങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ല കമ്മിറ്റിയെ മരവിപ്പിക്കുകയും ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ഒരു അഡ്ഹോക്ക് കമ്മിറ്റിയെ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സെൻട്രൽ കമ്മിറ്റിക്ക് അങ്ങിനെ തീരുമാനമെടുക്കുവാൻ ഭരണഘടനാപരമായി അവകാശമില്ലെന്നും അതംഗീകരിക്കുവാൻ കഴിയില്ലെന്നും മലപ്പുറം ജില്ലാ കമ്മിറ്റിയും തീരുമാനമെടുത്തു. രണ്ട് വിഭാഗങ്ങളും മുസ്‌ലിം ലീഗ് നേതൃത്വത്തിന് മുമ്പിൽ പരാതി സമർപ്പിക്കുകയും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പരാതികളുടെ അടിസ്ഥാനത്തിൽ പരിഹാര ശ്രമങ്ങൾ നടത്തുകയാണെന്നും ഇരു കൂട്ടർക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്നും അത് വരെ രണ്ട് കമ്മിറ്റികളും യോഗം ചേരുകയോ, പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനോ പാടില്ലെന്ന നിർദ്ദേശമാണ് മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റിരേഖാമൂലം ഇരു കമ്മിറ്റികളെയും അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം റിയാദ് കെഎംസിസി സംഘടിപ്പിച്ച മലപ്പുറം ജില്ല കമ്മിറ്റിയുടെ പരിപാടി മാറ്റിവെപ്പിക്കുവാൻ സെൻട്രൽ കമ്മിറ്റി ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അന്ന് നിർദ്ദേശങ്ങളൊന്നും ലഭിക്കാത്തത് കാരണം പ്രസ്തുത പരിപാടി നടക്കുകയും ചെയ്തിരുന്നു. ഇതാണ് വീണ്ടും സെൻട്രൽ കമ്മിറ്റി പരാതി നൽകാൻ കാരണമായത്. നല്ല നിലയിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ല കമ്മിറ്റിയെ മരവിപ്പിച്ചതായി പത്രങ്ങളിൽ വാർത്ത നൽകിയ സെൻട്രൽ കമ്മിറ്റിയുടെ നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റിയും പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.