‘ജദാറത്’ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു; തൊഴിലവസരങ്ങൾ ഇനി ഏക ജാലകത്തിലൂടെ അറിയാം
text_fieldsറിയാദ്: രാജ്യത്ത് സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലുമുണ്ടാകുന്ന തൊഴിലവസരങ്ങൾ അറിയിക്കാൻ ഏകജാലക സംവിധാനം ആരംഭിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം. ‘ജദാറത്’ എന്ന പേരിലാണ് (jadarat.sa) ഡിജിറ്റൽ ആപ്ലിക്കേഷനും വെബ്സൈറ്റും ആരംഭിച്ചിരിക്കുന്നത്.
ഈ പ്ലാറ്റ്ഫോം വഴി വിവിധ സർക്കാർ വകുപ്പുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും തൊഴിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാനും അപേക്ഷ ക്ഷണിക്കാനും സാധിക്കും.
തൊഴിൽ പരസ്യസംവിധാനം മെച്ചപ്പെടുത്തുക, തൊഴിലന്വേഷകർക്ക് അവസരങ്ങൾ സുഗമമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ആരംഭിച്ചത്. റിക്രൂട്ട്മെൻറ് ശ്രമങ്ങൾ ഏകീകരിക്കുക, പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലന്വേഷകരുടെ വിവരങ്ങൾ ഏകീകരിക്കുക, ഡേറ്റയുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ ‘അഭിലാഷവും ശാക്തീകരണവും’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് മാനവവിഭവശേഷി മന്ത്രി പ്ലാറ്റ്ഫോം ആരംഭിച്ചത്.
തൊഴിൽ അപേക്ഷകൾ സ്വീകരിക്കലും തുടർ നടപടികളും ഇതിലൂടെ സാധ്യമാക്കാൻ കഴിയും. സ്വദേശി ഉദ്യോഗാർഥികളെ ശാക്തീകരിക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള മാനവവിഭവശേഷി നിധിയുടെ ശ്രമങ്ങളെ ‘ജദാറത്’ പ്ലാറ്റ്ഫോം പിന്തുണക്കുന്നുവെന്ന് മാനവവിഭവശേഷി മന്ത്രി എൻജി. അഹ്മദ് അൽ റാജ്ഹി പറഞ്ഞു. തൊഴിൽ വിപണിയിലെ എല്ലാ തൊഴിൽ സേവനങ്ങൾക്കും സംയോജിത പ്രഫഷനൽ യാത്ര പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്നു.
ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളുടെയും ‘വിഷൻ 2030’ന്റെയും നേട്ടങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സൗദി തൊഴിൽ വിപണി സാക്ഷ്യംവഹിച്ച മഹത്തായ വികസനം മന്ത്രി സൂചിപ്പിച്ചു. ഞങ്ങളുടെ എല്ലാ പങ്കാളികളും തമ്മിലുള്ള സഹകരണത്തിന്റെയും ഏകീകരണത്തിന്റെയും ഫലമായാണ് ഇത് വന്നത്.
ഈ ശ്രമങ്ങൾ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമായി കുറയുന്നതിനും സ്വകാര്യമേഖലയിലെ സൗദി തൊഴിലാളികളുടെ എണ്ണം 23 ലക്ഷത്തിലധികം പുരുഷ-സ്ത്രീ പൗരന്മാരിൽ എത്തുന്നതിനും കാരണമായി. മാനവവിഭവശേഷി വികസന ഫണ്ട് ആദ്യ പകുതിയിൽ 3.79 ശതകോടി റിയാലിലധികം തൊഴിൽ, പരിശീലനം, യോഗ്യത എന്നിവയെ പിന്തുണക്കുന്നതിനുള്ള പ്രോഗ്രാമുകൾക്കും ഉൽപന്നങ്ങൾക്കുമായി ചെലവഴിച്ചു.
ഒരു ലക്ഷത്തിലധികം സ്ഥാപനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇതേ കാലയളവിൽ 1,53,000 ത്തിലധികം യുവതീയുവാക്കളും സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. അനുയോജ്യമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി പങ്കാളികളോടൊപ്പം പ്രവർത്തിക്കുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു.
തൊഴിലന്വേഷകരുടെ ഡേറ്റ ഏകീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക, തൊഴിൽ തിരയൽ യാത്ര സുഗമമാക്കുക, എല്ലാ തൊഴിലവസരങ്ങളും പര്യവേക്ഷണം ചെയ്യുക, പൊതു-സ്വകാര്യ മേഖലകളിൽ രാജ്യത്തെ യുവതീയുവാക്കളെ നിയമിക്കുന്നതിനുള്ള പ്രധാന സഹായിയാകുക എന്നിവയാണ് ഏകീകൃത ദേശീയ തൊഴിൽ പ്ലാറ്റ്ഫോമിന്റെ (ജദാറത്) ലക്ഷ്യമെന്ന് മാനവവിഭവശേഷി നിധി ഡയറക്ടർ ജനറൽ തുർക്കി അൽ ജഅ്വിനി പറഞ്ഞു.
നിരവധി ഗുണപരമായ അനുഭവങ്ങൾ അവലോകനം ചെയ്യുന്നതിനും തൊഴിൽവിപണിയിൽ തീരുമാനങ്ങൾ എടുക്കുന്നവരുടെയും നിയമനിർമാണങ്ങളുടെയും ദർശനങ്ങളും നിർദേശങ്ങളും കേൾക്കാനും സ്വകാര്യ പങ്കാളികളുമായി നിരവധി വർക്ക്ഷോപ്പുകൾ നടത്താൻ നിധിക്ക് താൽപര്യമുണ്ട്. വിവിധ സ്പെഷലൈസേഷനുകളിലും തൊഴിൽവിപണി ആവശ്യങ്ങളിലും പ്ലാറ്റ്ഫോമിൽ 70,000 തൊഴിലവസരങ്ങളുണ്ട്.
‘ജദാറത്’ അതിന്റെ മൂന്ന് പരീക്ഷണ ഘട്ടങ്ങളിൽ 1,14,000 സ്ത്രീ-പുരുഷ തൊഴിലന്വേഷകർക്ക് തൊഴിൽ നൽകുന്നതിന് സംഭാവന നൽകി. 48,000 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അൽ ജഅ്വിനി പറഞ്ഞു.
പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ തൊഴിൽ, ശാക്തീകരണ സേവനങ്ങളും സുഗമമാക്കുന്നതിലും ഏകീകരിക്കുന്നതിലും പ്ലാറ്റ്ഫോം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ സംരംഭം എല്ലാ തൊഴിൽ സേവനങ്ങൾക്കും നൂതന ഡിജിറ്റൽ അനുഭവവും പ്രദാനം ചെയ്യുന്നതിനും തൊഴിൽ നേടുന്നതിനുള്ള ദേശീയ ശ്രമങ്ങൾ വർധിപ്പിക്കുന്നതിനും സഹായിക്കുന്നുവെന്നും അൽ ജഅ്വിനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.