അൽ ബാഹയിൽ വാഹനാപകടത്തിൽ മരിച്ച ജാഫറിന്റെ മൃതദേഹം ഖബറടക്കി
text_fieldsഅൽ ബാഹ: വെള്ളിയാഴ്ച അൽ ബാഹയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫറിന്റെ (48) മൃതദേഹം തിങ്കളാഴ്ച ളുഹ്ർ നമസ്കാരശേഷം അൽ ബാഹയിലെ ഉമർ ബിൻ ഖത്താബ് മസ്ജിദിൽ നടന്ന ജനാസ നമസ്‍കാരശേഷം അൽ ഷഫാ മഖ്ബറയിൽ ഖബറടക്കി. നമസ്കാരത്തിനും ഖബറടക്കത്തിനും ശൈഖ് ഖാലിദ് (ഇമാം, മസ്ജിദ് ഉമർ ബ്നു ഖത്താബ്), സി.ഡബ്ലിയു.സി അംഗങ്ങളായ സൈദ് അരീക്കര, യൂസുഫ് അലി, അഹ് മദ് മദീനി (ജാലിയാത്ത്, അൽ ബാഹ) എന്നിവർ നേതൃത്വം നൽകി. സഹപ്രവർത്തകരും സുഹൃത്തുക്കളും മറ്റുമായി വമ്പിച്ച ജനാവലിയാണ് ജനാസ നമസ്കാരത്തിലും ഖബറടക്കത്തിലും പങ്കെടുത്തത്.
രണ്ടര പതിറ്റാണ്ട് കാലമായി പ്രവാസിയായിരുന്ന ജാഫർ തനിമ സാംസ്‌കാരിക വേദിയുടെ പ്രവർത്തകനായിരുന്നു. ജാഫറിന്റെ ആകസ്മിക മരണം കുടുംബത്തെയും സുഹൃത്തുക്കളെയും ഏറെ ദുഃഖത്തിലാഴ്ത്തി. അൽ ബാഹയിലെ ഷാമഖ് ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്തു വരികയായിരുന്നു. സഹപ്രവർത്തകനെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവരാനായി പോകുന്ന വഴിയിൽ ജാഫർ ഓടിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരിച്ചു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ സൗദി പൗരനും പാക്കിസ്ഥാൻ സ്വദേശിയും ഹഖീഖ് ജനറൽ ആശുപത്രിയിൽ ചികിത്‌സയിലാണ്.
നാലു മാസം മുമ്പാണ് അവധി കഴിഞ്ഞ് ജാഫർ നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. ഒരുമാസം മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഷമീറയും ഇളയ മകൾ മിർസ ഫാത്തിമയും സന്ദർശന വിസയിൽ അൽ ബാഹയിൽ എത്തിയത്. മറ്റു രണ്ടു മക്കളായ മിൻഹാജ് (മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ ), പ്ലസ് വൺ വിദ്യാർഥിയായ മുഹ്‌സിൻ ജാഫർ എന്നിവർ നാട്ടിലാണ്. പിതാവ്: പരേതനായ മച്ചിങ്ങൽ അസൈനാർ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഫസലുറഹ്‌മാൻ, ഫർസാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.