ജാമിഅ അശ്അരിയ്യ ഇസ്ലാമിയ ശൽബാൻ ജൂബിലി ആഘോഷം
text_fieldsജിദ്ദ: മധ്യകേരളത്തിലെ പ്രമുഖ മത, ഭൗതിക സമന്വയ വിദ്യാഭ്യാസ കലാലയമായ എറണാകുളം ജാമിഅ അശ്അരിയ്യ ഇസ്ലാമിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കി ശൽബാൻ ജൂബിലി ആഘോഷിക്കുകയാണെന്ന് ഭാരവാഹികൾ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മതം, ജ്ഞാനം, ബഹുസ്വരത എന്ന പ്രമേയത്തിലൂന്നി ഡിസംബർ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ ഇമാം അശ്അരി സ്ക്വയറിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുക. കോളജ് ഓഫ് ഇസ്ലാമിക് ശരീഅ, ദഅവ കോളജ്, ഖുർആൻ കോളജ്, റാബിഅ വിമൻസ് അക്കാദമി, ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി പുതിയ തലമുറക്ക് വിദ്യാഭ്യാസ മുന്നേറ്റത്തിന് അനിവാര്യമായ വിവിധ സ്ഥാപനങ്ങൾ അശ്അരിയ്യയുടെ കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
വാർഷിക പരിപാടിയുടെ ഭാഗമായി അർഹരായവർക്ക് വീൽചെയർ വിതരണം, വിവാഹ, മെഡിക്കൽ സഹായം തുടങ്ങി വിവിധ സേവന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. 1000ത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽനിന്ന് ഈ വർഷം പഠനം പൂർത്തിയാക്കിയ 113 ഹാഫിളുകളും അശ്അരി യുവ പണ്ഡിതരും വാർഷിക സമ്മേളനത്തിൽ ബിരുദം സ്വീകരിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സനദ് ദാനം നിർവഹിക്കും. സയ്യിദന്മാർ, പണ്ഡിതന്മാർ, മന്ത്രിമാർ, എം.എൽ.എമാർ, സാമൂഹിക, സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങൾ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
സെക്രട്ടറി എം.പി അബ്ദുൽ ജബ്ബാർ സഖാഫി, അബ്ദുൽ കലാം സഖാഫി പല്ലാരിമംഗലം, അബ്ദുൽ ജബ്ബാർ കോതമംഗലം, ഹംസ അറക്കൽ, ഉബൈദ് പെരുമ്പാവൂർ, സിദ്ദീഖ് ആലപ്പുഴ, സിയാദ് ബീമാപ്പള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.