ജംറകൾ ഒരുങ്ങി
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകരെ സ്വീകരിക്കാൻ ജംറകളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഹജ്ജ് സുരക്ഷ സേന മേധാവി ജനറൽ ഖാലിദ് അൽഹർബി പറഞ്ഞു. ജംറകളിലും വഴികളിലും തിരക്ക് നിയന്ത്രിക്കാൻ പൊതുസുരക്ഷ, അടിയന്തിര വിഭാഗം ഉൾപ്പെട്ട വലിയ സംഘം രംഗത്തുണ്ടാകും. വിവിധ വകുപ്പുകളുമായി സഹകരിച്ച് വേണ്ട നടപടികൾ നേരത്തെ സ്വീകരിച്ചിട്ടുണ്ട്. മുസ്ദലിഫയിൽ നിന്ന് വരുന്ന തീർഥാടകരെ ജംറകളിലെത്തിക്കാൻ വിത്യസ്ത റോഡുകൾ നിശ്ചയിച്ചിട്ടുണ്ട്. ഹാജിമാരുടെ നീക്കങ്ങൾ കൺട്രോൾ റൂം വഴി നിരീക്ഷിക്കും.
മുഴുസമയം പ്രവർത്തിക്കുന്ന 550 കാമറകൾ ഒരുക്കിയിട്ടുണ്ടെന്നും ഹജ്ജ് സുരക്ഷ സേന മേധാവി പറഞ്ഞു. ജംറകളിൽ ഏത് അടിയന്തിര ഘട്ടം നേരിടാനും സിവിൽ ഡിഫൻസിെൻറ മുഴുവൻ യൂനിറ്റുകളും പൂർണ സജ്ജമായതായി സിവിൽ ഡിഫൻസ് ഡയരക്ടറേറ്റ് വ്യക്തമാക്കി. പ്രായംകൂടിയവർക്കും രോഗികൾക്കും സഹായത്തിന് മുഴുവൻ പ്രവേശന കവാടങ്ങളിലും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുണ്ടാകും. ജംറകളിലേക്കും മസ്ജിദുൽ ഹറാമിലേക്കും പോകുന്നവർ ബാഗുകളും പെട്ടികളും കൊണ്ടുപോകുന്നത് ഒഴിവാക്കണം.
അതേ സമയം, ജംറകളുടെ എല്ലാ നിലകളിലും തീർഥാടകർക്ക് ആശ്വാസത്തോടെയും സമാധാനത്തോടെയും കല്ലേറ് കർമം നടത്താൻ വിപുലമായ സൗകര്യങ്ങളാണ് മുനിസിപ്പൽ കാര്യാലയത്തിനു കീഴിൽ പൂർത്തിയാക്കിയിരിക്കുന്നത്. മുകളിലെ നിലയിൽ തണലേകാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ചൂടിന് ആശ്വാസമേകാൻ വാട്ടർ സ്േപ്ര സംവിധാനത്തോട് കൂടിയ ഫാനുകൾ, ചലിക്കുന്ന കോണികൾ, കാമറകൾ, ലൈറ്റുകൾ, ശബ്ദ സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. മുസ്ദലിഫ മുതൽ മിനയിലേക്ക് വരുന്ന വഴിയിലുടനീളം നിരീക്ഷണത്തിന് സ്ഥിരം കാമറകളുണ്ട്.
തീർഥാടകർക്ക് വേണ്ട നിർദേശങ്ങൾ അപ്പപ്പോൾ നൽകാൻ വലിയ സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്. വിവിധ റോഡുകളിലൂടെ എത്തുന്നവർക്ക് മുകളിലെ നിലകളിലെത്താൻ കോണികൾ സജ്ജീകരിച്ചിട്ടുണ്ട്. 2006 ലാണ് എല്ലാവിധ സൗകര്യങ്ങളോടെ പുതിയ ജംറ പദ്ധതി നടപ്പിലാക്കിയത്. 950 മീറ്റർ നീളവും 80 മീറ്റർ വീതിയുമുള്ള ജംറ പാലത്തിന് നാല് നിലകളുണ്ട്. 12 നിലവരെ ഉയർത്താനും 50 ലക്ഷം പേർക്ക് വരെ ഭാവിയിൽ കല്ലെറിയാനും സാധിക്കുന്ന തരത്തിലാണ് പുതിയ ജംറ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.