വിനോദ സഞ്ചാരികളെയും ചരിത്ര കുതുകികളെയും മാടിവിളിച്ച് ജവാദ മസ്ജിദ്
text_fieldsജുബൈൽ: വിനോദ സഞ്ചാരികളെയും ചരിത്ര കുതുകികളെയും ഒരുപോലെ ആകർഷിച്ച് ജവാദ മസ്ജിദ്. അൽഅഹ്സയിലെ അൽ ജബാൻ ഗ്രാമത്തിലാണ് ഇൗ പൗരാണിക മസ്ജിദ്. ഇസ്ലാമിക ചരിത്രത്തിലെ രണ്ടാമത്തെ ജുമുഅ നമസ്കാരം നടന്നതായി വിശ്വസിക്കുന്ന ജവാദ പള്ളി അൽഅഹ്സയിൽ 12 കിലോമീറ്റർ വടക്കുകിഴക്കായി അൽ ജബാൻ ഗ്രാമാതിർത്തിയിലെ കുന്നിൻ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. കിഴക്കൻ പ്രവിശ്യയിൽ നിർമിച്ച ആദ്യത്തെ പള്ളിയാണെന്നതും ഇസ്ലാമിൽ രണ്ടാമത്തെ വെള്ളിയാഴ്ച പ്രാർഥന നടന്നതുമാണ് ഇൗ പള്ളിയുടെ പ്രാധാന്യം വർധിപ്പിക്കുന്നത്.
ചരിത്രത്തിലെ ആദ്യത്തെ ജുമുഅ മദീനയിലെ പ്രവാചകൻ നിർമിച്ച പള്ളിയിയിലായിരുന്നു. ഹിജ്‌റ ഏഴാം വർഷത്തിലാണ് (എ.ഡി 629) ജവാദ മസ്ജിദ് നിർമിക്കപ്പെട്ടത്. ഇസ്ലാമിക കാലഘട്ടത്തിന് മുമ്പും തുടക്കത്തിലും മേഖലയിൽ അധിവസിച്ചിരുന്ന അബ്ദുൽ ഖൈസ് ഗോത്രത്തിെൻറ നേതൃത്വത്തിലാണ് പള്ളി നിർമിക്കപ്പെട്ടത്. മക്കയിൽനിന്ന് ഹജറുൽ അസ്‌വദ് മോഷ്ടിക്കപ്പെട്ടശേഷം 22 വർഷത്തോളം ഈ പള്ളിയിൽ സൂക്ഷിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
അക്കാലത്ത് ഈ പ്രദേശം ബഹ്‌റൈൻ എന്നാണ് അറിയപ്പെട്ടിരുന്നത്. കാലാന്തരത്തിൽ പള്ളി മണ്ണിനടിയിലാവുകയും പിന്നീട് പുനരുദ്ധരിക്കുകയുമായിരുന്നു. റിയാദിലെ മസ്മക് കോട്ടയോട് സാദൃശ്യമുള്ള ഘടനയിലാണ് പള്ളി നിർമിക്കപ്പെട്ടിരിക്കുന്നത്. ജവാദയിലെ പാർക്കിന് സമീപത്തായി പഴമ നിലനിർത്തി പള്ളി പുനരുദ്ധരിച്ചിട്ടുണ്ട്. ചുറ്റും കല്ലുകൾ അടുക്കി ഉയരത്തിൽ വേലി തീർക്കുകയും പള്ളി അങ്കണത്തിൽ ചെടികൾ വെച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കളിമണ്ണും ഒരുതരം പുല്ലും പ്രത്യേകതരം പശയും വെള്ളവും കൂട്ടിക്കുഴച്ച് നിർമിച്ചിരിക്കുന്ന മസ്ജിദിനുൾവശത്ത് ഏതു കൊടും ചൂടിലും തണുപ്പ് അനുഭവപ്പെടും.
മരച്ചില്ല കുറുകെ അടുക്കി അതിനു മുകളിൽ പനയോല വിരിച്ച് ഭംഗിയിൽ നിർമിച്ച മേൽക്കൂരയാണ് മറ്റൊരു ആകർഷണം. ദീർഘചതുരാകൃതിയിലുള്ള മൂന്നു മുറികളാണ് പള്ളിക്കുള്ളത്. വാതിലുകളും ജനാലയുടെ ഓടാമ്പലുമെല്ലാം നൂറ്റാണ്ടുകളുടെ പഴക്കം വിളിച്ചുപറയും. രാജ്യത്തിെൻറ വിവിധ ദേശങ്ങളിൽനിന്ന് സ്വദേശികളും വിദേശികളും പള്ളി സന്ദർശിക്കാനെത്തുന്നുണ്ട്. യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും വാഹനം പാർക്ക് ചെയ്യുന്നതിനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും മികച്ച സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.