ജിദ്ദ വിമാനത്താവളത്തിൽ 12 ലക്ഷം തീർഥാടകർക്ക് സേവനം നൽകാനുള്ള പ്രവർത്തന പദ്ധതിക്ക് അംഗീകാരം
text_fieldsജിദ്ദ: 12 ലക്ഷം ഹജ്ജ് തീർഥാടകർക്ക് സേവനം നൽകാനുള്ള പ്രവർത്തന പദ്ധതിക്ക് ജിദ്ദ വിമാനത്താവളം അംഗീകാരം നൽകി. കോവിഡിനു ശേഷം ഏറ്റവും കൂടുതൽ ഹജ്ജ് യാത്രക്കാരുടെ വരവ് രേഖപ്പെടുത്തുന്ന വർഷമായിരിക്കും ഈ വർഷം. ജിദ്ദ വിമാനത്താവളം വഴി എത്തുന്ന തീർഥാടകരുടെ സുരക്ഷയും സൗകര്യവും ലക്ഷ്യമാക്കിയുള്ള എല്ലാ ആവശ്യകതകളോടും പൊരുത്തപ്പെടുന്നതാണ് ഹജ്ജ് സേവന പദ്ധതിയെന്ന് ജിദ്ദ എയർപോർട്ട് സി.ഇ.ഒ എഞ്ചിനീയർ മാസിൻ ബിൻ മുഹമ്മദ് ജൗഹർ പറഞ്ഞു.
ദുൽഖഅദ് ഒന്നിന്ന് ആദ്യ വിമാനങ്ങളുടെ വരവോടെ പദ്ധതി ആരംഭിക്കും. ടെർമിനൽ ഒന്ന്, നോർത്ത് ടെർമിനൽ, ഹജ്ജ്, ഉംറ ലോഞ്ച് കോംപ്ലക്സ് എന്നിവയിലെ എല്ലാ എയർപോർട്ട് ലോഞ്ചുകളും പ്രവർത്തിപ്പിക്കുന്നത് പദ്ധതിയിലുൾപ്പെടും. മൂന്ന് ഹാളുകളിലും പാസ്പോർട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 411ലധികം പ്ലാറ്റ്ഫോമുകളുണ്ട്. ബാഗേജ് സ്വീകരിക്കുന്നതിന് 440 പ്ലാറ്റ്ഫോമുകൾ, 56 മൊബൈൽ ബ്രിഡ്ജ് ഗേറ്റുകൾ, 54 കസ്റ്റംസ് പരിശോധന ഉപകരണങ്ങൾ, ലഗേജ് ശേഖരിക്കാൻ 29 പാതകൾ, 28 ബസ് ഗേറ്റുകൾ, നാല് ആരോഗ്യ കേന്ദ്രങ്ങൾ, ഗ്രൂപ്പ് ലഗേജുകൾക്കായി രണ്ട് പ്ലാറ്റ്ഫോമുകൾ എന്നിവ തീർഥാടകകരുടെ സേവനത്തിനുണ്ട്. തീർഥാടകരെ സേവിക്കുന്നതിനും അവരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും വിമാനത്താവളത്തിൽ പീക്ക് കാലയളവിൽ സർക്കാർ, സുരക്ഷാ, പ്രവർത്തന മേഖലകളിൽ നിന്നുള്ള ജീവനക്കാരുടെ എണ്ണം 16,000 എത്തുമെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.