പെരുന്നാൾ അവധിയിലെ തിരക്ക്; ജിദ്ദ വിമാനത്താവള സി.ഇ.ഒയെ മാറ്റി
text_fieldsജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവള കമ്പനി തലപ്പത്ത് മാറ്റം. നിലവിലെ സി.ഇ.ഒ റയ്യാൻ തറാബ്സൂനിയെ തൽസ്ഥാനത്തുനിന്ന് മാറ്റി. പകരം അയ്മൻ ബിൻ അബ്ദുൽ അസീസ് അബൂ ഉബാതിനെ നിയമിച്ചു. ജിദ്ദ വിമാന കമ്പനി ഡയറക്ടർ ബോർഡാണ് തീരുമാനമെടുത്തത്.
പെരുന്നാൾ അവധി ദിവസങ്ങളിൽ ജിദ്ദ വിമാനത്താവളത്തിൽ യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്കും വിമാന സർവിസുകളുടെ താളംതെറ്റലുമുണ്ടായ സാഹചര്യത്തിലാണ് നടപടി. വിമാനത്താവളം നേരിട്ട ഈ പ്രതിസന്ധി ചർച്ച ചെയ്യാനും പരിഹാര മാർഗങ്ങൾ ആരായാനും ചേർന്ന ബോർഡിന്‍റെ അടിയന്തര യോഗത്തിലാണ് സി.ഇ.ഒയെ മാറ്റലടക്കമുള്ള തീരുമാനങ്ങളുണ്ടായത്.
ജിദ്ദ വിമാനത്താവളത്തിലുണ്ടായ യാത്രാപ്രതിസന്ധിയും വിമാനങ്ങൾ വൈകാനുമുണ്ടായ കാരണങ്ങളും വിശദമായി അന്വേഷിക്കും. അതിന് കാരണക്കാരെ കണ്ടെത്താനും ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജി. സ്വാലിഹ് അൽജാസിർ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതുസംബന്ധിച്ച അന്വേഷങ്ങൾക്കിടയിലാണ് കമ്പനി സി.ഇ.ഒയെ മാറ്റിയിരിക്കുന്നത്. പുതിയ സി.ഇ.ഒ വിവിധ മേഖലകളിൽ 28 വർഷത്തിലധികമായി പ്രവർത്തന പരിചയമുള്ള ആളാണ്. നിരവധി നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി റിയാദ് എയർപോർട്ട് കമ്പനിയിലെ ഓപറേഷൻസ് എക്സിക്യൂട്ടിവ് ഉപമേധാവിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.