ജിദ്ദ വിമാനത്താവളത്തിൽ പ്രതിമാസം ഏഴര ലക്ഷം ഉംറ തീർഥാടകർക്ക് സൗകര്യം
text_fieldsജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിമാസം ഏഴര ലക്ഷം ഉംറ തീർഥാടകരെ സ്വീകരിക്കാനാവുമെന്ന് വിമാനത്താവള കമ്പനി സി.ഇ.ഒ അയ്മൻ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. വിമാനത്താവളത്തിലെ ലോഞ്ചുകളും സൗകര്യങ്ങളും ഉദ്യോഗസ്ഥരുടെ എണ്ണവും അടിസ്ഥാനപ്പെടുത്തിയായിരിക്കും ഈ വർഷത്തെ ഉംറ സീസണിന്റെ പ്രവർത്തനപദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു. ഹജ്ജ്, ഉംറ ഹാൾ കോംപ്ലക്സ്, ഒന്നാം നമ്പർ ഹാൾ, ഈ വർഷം ഉംറ തീർഥാടകർക്ക് സേവനം നൽകാനായി ഒരുക്കിയ വടക്കൻ ഹാൾ എന്നിങ്ങനെ മൂന്ന് ഹാളുകൾ പ്രവർത്തിപ്പിക്കാനുള്ള ശേഷിയും മനുഷ്യശേഷിയും ഒരുക്കിയിട്ടുണ്ട്. മൂന്ന് ഹാളുകളുടെയും മൊത്തം വലുപ്പം 13 ലക്ഷം ചതുരശ്രമീറ്ററാണ്.
ഹജ്ജ്, ഉംറ ഹാൾ സമുച്ചയത്തിൽ 14 അറൈവൽ, ഡിപ്പാർച്ചർ ഹാളുകൾ പ്രവർത്തിക്കുന്നുണ്ട്. ലഭ്യമായ വിമാനത്താവള സൗകര്യങ്ങൾ തീർഥാടകർക്ക് പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പൊതുസ്ഥലത്ത് 20 എയർ കണ്ടീഷൻഡ് ലോഞ്ചുകൾ ഒരുക്കിയിട്ടുണ്ട്. ഇവിടെയുള്ള ഹാളുകൾക്ക് തീർഥാടകരുടെ 60 മുതൽ 70 ശതമാനം വരെ ഉൾക്കൊള്ളാൻ കഴിയും.
ടെർമിനൽ ഒന്നുവഴി 30 ശതമാനവും വടക്കൻ ഹാളിൽ 10 ശതമാനവും തീർഥാടകരുടെ യാത്രാനടപടികളും പൂർത്തിയാക്കാൻ സാധിക്കും. മൂന്ന് ഹാളുകളിലുമായി പ്രതിദിനം 1,27,000 തീർഥാടകരെ ഉൾക്കൊള്ളാനുള്ള ശേഷി നിലവിൽ ജിദ്ദ വിമാനത്താവളത്തിനുണ്ട്. വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ മൊത്തം തൊഴിലാളികളുടെ എണ്ണം ഏകദേശം 16,000വരെ എത്തുന്നുണ്ട്. ടെർമിനൽ രണ്ടും മൂന്നും പണി പൂർത്തിയാവുന്നതോടെ ഹാളുകളുടെ ശേഷിയുയർത്തുകയും കൂടുതൽ തീർഥാടകരെ സ്വീകരിക്കാനാകുമെന്നും സി.ഇ.ഒ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.