ജിദ്ദ ബി.ആർ.സി ഫുട്ബാൾ 2024 ടൂർണമെന്റിന് പ്രൗഢ തുടക്കം
text_fieldsജിദ്ദ : ബി.ആർ.സി ജിദ്ദയുടെ 2023-24 വർഷത്തെ ഫുട്ബാൾ ടൂർണമെന്റിന് ജിദ്ദ സ്റ്റാർ എഫ്.സി സ്റ്റേഡിയത്തിൽ തുടക്കമായി. മുഖ്യാഥിതി പി.പി. ഉമ്മർ ഫാറൂഖ് (മുൻ ബി.ആർ.സി. മെമ്പർ) ഉദ്ഘാടനവും ടൂർണമെന്റിലെ ട്രോഫി റിവീലിംഗും നിർവഹിച്ചു. വർണാഭമായ ഉദ്ഘാടന ദിവസത്തെ മത്സരങ്ങളിൽ സ്മാഷേഴ്സ് പേസേർസിനെയും ട്വിസ്റ്റേഴ്സ് ഡിഫെൻഡേഴ്സിനെയും പരാജയപ്പെടുത്തി. വാശിയേറിയ ആദ്യ മത്സരത്തിൽ പേസേഴ്സ് മനോഹരമായി തുടങ്ങുകയും ടൂർണമെന്റിലെ ആദ്യ ഗോൾ നേടുകയും ചെയ്തു (1-0). ബിശാറത്ത് എടുത്ത ഫ്രീകിക്കിൽ നിന്നും ഒരു മനോഹരമായ ഹെയ്ഡറിലൂടെ കെ.വി കഫീൽ ആണ് പേസർസിന് ഗോൾ നേടിയത്. ലീഡ് വഴങ്ങിയ സ്മാഷേഴ്സ് കളി അല്പം വേഗത്തിലാക്കുകയും അറ്റാക്കിങ് ആരംഭിക്കുകയും ചെയ്തു, അൽപനേരം കൊണ്ട് അതിന് ഫലം കണ്ടു, ബാക്ക് ലൈനിൽ നിന്നും പന്ത് കൈക്കലാക്കിയ സാജിദ് ഗോളിയെ കബളിപ്പിച്ചു വല ചലിപ്പിച്ചു (1-1). രണ്ടാം പകുതിയിൽ ഇരു ടീമുകളും നിരന്തരം മുന്നേറ്റങ്ങൾ നടത്തുകയും ഗോൾ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു ബാക്ക് ലൈനിൽ ഒരു ഭാഗത്തു ജെറിയും മറുഭാഗത്തു ക്യാപ്റ്റൻ ഇഹ്സാനും പന്ത് ക്ലിയർ ചെയ്തുകൊണ്ടേയിരുന്നു. മത്സരം അവസാനിക്കാൻ മിനുട്ടുകൾ ബാക്കിയിരിക്കെ സ്മാഷേഴ്സിന്റെ ജരീർ നൽകിയ ലോങ് പാസിൽ നിന്നും ക്യാപ്റ്റൻ റിയാസ് ഡിഫൻഡറെ കടന്നു സുന്ദരമായ ഗോളും വിജയവും നേടിയെടുത്തു(1-2).
രണ്ടാം മത്സരത്തിൽ ശക്തരായ ട്വിസ്റ്റർസ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഡിഫെൻഡേഴ്സിനെ തകർത്തു. ആദ്യ പകുതി ഇരു ടീമുകളും ഗോളുകൾ ഒന്നും അടിക്കാതെ ചില ചെറിയ മുന്നേറ്റങ്ങളോടെ ഒപ്പത്തിനൊപ്പം നിന്നു, എന്നാൽ രണ്ടാം പകുതിയിൽ ട്വിസ്റ്റർസ് ക്യാപ്റ്റൻ ആറ്റയുടെയും ഷാഹുലിന്റെയും നേതൃത്വത്തിൽ നല്ല മുന്നേറ്റങ്ങളോടെ കളി അവരുടെ നിയന്ത്രണത്തിലാക്കി, എട്ടാം മിനുട്ടിൽ ഷാഹുൽ അടിച്ച പന്ത് ഗോളിൽ അവസാനിച്ചു(1 -0). അഞ്ചു മിനുട്ട് കഴിയും മുമ്പേ ഇടതു വിങ്ങിലൂടെ വന്ന ഒരു പന്ത് നുഫൈൽ ഡിഫൻഡറെ കടന്നു തന്ത്രപൂർവം വലയിലാക്കി (2-0). ക്യാപ്റ്റൻ സിനാനിയുടെ കീഴിൽ ഇറങ്ങിയ ഡിഫെൻഡേർസ് രണ്ടാം പകുതിയിൽ കളി മറന്നു കളിച്ചു, പന്ത്രണ്ടാം മിനുട്ടിൽ ഇക്കുവിന്റെ ബൂട്ടിൽ നിന്നും പിറന്ന കണ്ണഞ്ചിപ്പിച്ച ഗോൾ (2-1) ഒഴിച്ചാൽ പറയത്തക്ക മുന്നേറ്റങ്ങൾ ഒന്നും ഉണ്ടായില്ല, അവസാന മിനിറ്റുകളിൽ മുഹമ്മദ് ഹിഫ്സു ട്വിസ്റ്റേഴ്സിന് വേണ്ടി മൂന്നാം ഗോളും അടിച്ചു പട്ടിക പൂർത്തിയാക്കി (3-1). ആദ്യ മത്സരത്തിൽ റിയാസിനെയും രണ്ടാം മത്സരത്തിൽ ഷാഹുലിനെയും കളിയിലെ കേമന്മാരായി തിരഞ്ഞെടുത്തു. നിസാർ, മുനീബ്, ഫൈസൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.