ജിദ്ദയിലെ വ്യവസായി സീക്കോ ഹംസ നാട്ടിൽ നിര്യാതനായി
text_fieldsജിദ്ദ: ജിദ്ദയിലും നാട്ടിലും ബിസിനസുകാരനായ മലപ്പുറം കാളികാവ് അഞ്ചച്ചവിടി സ്വദേശി ഹംസ കണ്ടപ്പൻ എന്ന സീക്കോ ഹംസ (66) നിര്യാതനായി. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജിദ്ദ സുലൈമാൻ ഫഖീഹ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹംസയെ തുടർചികിത്സക്കായി പ്രത്യേക എയർ ആംബുലൻസിൽ കഴിഞ്ഞയാഴ്ച കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
46 വർഷം മുമ്പ് 20ാം വയസ്സിൽ ജിദ്ദയിലെത്തി സീക്കോ വാച്ച് കമ്പനിയില്‍ ജോലി തുടങ്ങിയ അദ്ദേഹം പിന്നീട് വ്യാപാര രംഗത്തേക്ക് തിരിയുകയായിരുന്നു. ജിദ്ദയിലെ ശിഫാ ബവാദി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആയിരുന്നു. നാട്ടിലും സൗദിയിലുമായി നിരവധി വ്യവസായ സംരംഭങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തും സജീവസാന്നിധ്യമായിരുന്ന സീക്കോ ഹംസ ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി ചെയർമാനും ജിദ്ദയിലെ നിലമ്പൂർ നഗരസഭ പരിധിക്ക് കീഴിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ 'നിയോ'യുടെ മുഖ്യ രക്ഷാധികാരിയുമായിരുന്നു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ നിലമ്പൂർ മുക്കട്ട റെയിൽവേ സ്‌റ്റേഷന് അടുത്തുള്ള വസതിയിൽ എത്തിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ പത്തിന് ജന്മദേശമായ കാളികാവ് അഞ്ചച്ചവടി പള്ളിശേരി ജുമാമസ്ജിദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.