ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റി പൗരസഭ സംഘടിപ്പിച്ചു
text_fieldsജിദ്ദ: രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് ഇന്റർനാഷനൽ പ്രഖ്യാപിച്ച പൗരസഭയുടെ ഭാഗമായി ജിദ്ദ സെൻട്രൽ കമ്മിറ്റി വെബിനാർ സംഘടിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെ അനുസ്മരിച്ച് നടന്ന പൗരസഭ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും കാത്തുസൂക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തു. ജാതി, മത, വർഗ, വർണ, ഭാഷകൾക്കതീതമായി രാജ്യത്തെ എല്ലാ പൗരന്മാരെയും സമന്മാരായി കാണാനും ഭരണഘടന ശിൽപികൾ അടിവരയിട്ട ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനശിലയായ ബഹുസ്വരതയെയും രാജ്യത്തിന്റെ മഹത്തായ മതേതരത്വമൂല്യങ്ങളെയും പൂർണമായും ഉൾക്കൊണ്ട് രാജ്യനന്മക്കായി പ്രവർത്തിക്കാനും ഭരണാധികാരികൾ തയാറാവണമെന്നും പൗരസഭ ആവശ്യപ്പെട്ടു. വ്യത്യസ്ത മതവിശ്വാസങ്ങൾ, മതമില്ലാത്തവർ, നാനാതരം ജാതികൾ, സംസ്കാരങ്ങൾ, വിവിധ ഭാഷകൾ, വേഷങ്ങൾ തുടങ്ങിയ വൈവിധ്യങ്ങളെ പരസ്പരം മാനിക്കുകയും അംഗീകരിക്കലുമാണ് ബഹുസ്വരത കൊണ്ട് ഉദ്ദേശിക്കുന്നതെന്നും രാജ്യത്തെ ജനങ്ങളെ ഒരേ സിവിൽ നിയമത്തിന് കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ അങ്ങേയറ്റം അപകടകരമാണെന്നും പൗരസഭ അഭിപ്രായപ്പെട്ടു.
ഓൺലൈനിൽ നടന്ന പരിപാടി ഐ.സി.എഫ് ഇന്റർനാഷനൽ വെൽഫെയർ സെക്രട്ടറി മുജീബ്റഹ്മാൻ എ.ആർ നഗർ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹസ്സൻ സഖാഫി അധ്യക്ഷത വഹിച്ചു. മഹ്ദ് അൽ ഉലൂം ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ യഹ് യ ഖലീൽ നൂറാനി വിഷയാവതരണം നടത്തി. ഹസ്സൻ ചെറൂപ്പ, കെ.ടി.എ മുനീർ, റഫീഖ് പത്തനാപുരം, അബൂബക്കർ അരിമ്പ്ര, സൈനുൽ ആബിദീൻ തങ്ങൾ എന്നിവർ സംസാരിച്ചു. മൻസൂർ മാസ്റ്റർ മണ്ണാർക്കാട് സ്വാഗതവും ഹനീഫ പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു. മുഹ്യുദ്ദീൻ അഹ്സനി പ്രാർഥന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.