ദുരിതത്തിലായ ഇന്ത്യൻ പൗരന്മാർക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് 6.5 ലക്ഷം റിയാൽ സഹായം നൽകി -മുഹമ്മദ് ഷാഹിദ് ആലം
text_fieldsജിദ്ദ: പലവിധ കാരണങ്ങളാൽ ദുരിതത്തിലായ സൗദി പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ഏകദേശം 6.5 ലക്ഷം റിയാൽ സാമ്പത്തിക സഹായം നൽകിയതായി കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. ഇതിനു പുറമെ, കോണ്സുലേറ്റ് ഇടപെട്ട് സൗദി കോടതിയിൽ നിന്ന് ഇന്ത്യക്കാർക്ക് മരണ നഷ്ടപരിഹാരമായി 3,72,25,807 ഇന്ത്യൻ രൂപ ലഭ്യമാക്കിയതായും കോൺസുൽ ജനറൽ അറിയിച്ചു.
ജിദ്ദ അൽഹംറയിലെ കോൺസുൽ ജനറലിന്റെ ഔദ്യോഗിക വസതിയായ 'ഇന്ത്യ ഹൗസി'ൽ ഇന്ത്യൻ മാധ്യമ പ്രവർത്തകർക്ക് ഒരുക്കിയ ഇഫ്താർ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം മെയ് 21 ന് സൗദിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹജ്ജ് കമ്മിറ്റി മുഖേന 1,40,020 ഉം സ്വകാര്യ ഗ്രൂപ്പുകൾ വഴി 35,005 പേരുമായി 1,75,025 തീർത്ഥാടകരാണ് ഇത്തവണ ഹജ്ജിനെത്തുന്നത്. മെഹ്‌റം (പുരുഷ സഹചാരി) ഇല്ലാതെ ഇത്തവണ 4,000 സ്ത്രീകൾ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്നുണ്ട്. ഹജ്ജ് വേളയിൽ അവരുടെ താമസത്തിനും വൈദ്യസഹായത്തിനും പ്രത്യേകം തന്നെ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇന്ത്യൻ ഹജ്ജ് തീർഥാടകർക്കുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കുന്നതിനായി സൗദിയിലെയും ഇന്ത്യയിലെയും വിവിധ ഓഫീസുകളുടെ ഏകോപനത്തിൽ രാപ്പകലില്ലാതെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതായി കോൺസുൽ ജനറൽ അറിയിച്ചു.
2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ ഒരു വർഷം ഹുറൂബ് കേസുകളും എക്സിറ്റ് വിസ അടിച്ച് കാലഹരണപ്പെട്ടതുമായ, കെട്ടിക്കിടക്കുന്ന ഏകദേശം 4,000 ഇഖാമ കേസുകൾ തീർപ്പാക്കി. ഈ കാലയളവിൽ റിപ്പോർട്ട് ചെയ്ത 604 തൊഴിൽ പ്രശ്‌നങ്ങളിൽ 325 എണ്ണം പരിഹരിച്ചു. മറ്റ് പരാതികളിൽ പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വിജയകരമായ 'ഓപ്പൺ ഹൗസ്' സെഷനുകളുടെ ഒരു പരമ്പര തന്നെ ഈ കാലയളവിൽ കോൺസുലേറ്റിൽ നടന്നു. ഇതിലൂടെ ഏകദേശം 500 ഇന്ത്യൻ പൗരന്മാർക്ക് അവരുടെ പരാതികൾ പരിഹരിക്കാനായി.
കോൺസുലേറ്റിൽ നേരിട്ട് എത്താതെ തന്നെ സൗദിയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ഏകദേശം 400 ഇന്ത്യൻ പൗരന്മാരുടെ പരാതികൾ വെർച്വൽ മീറ്റിംഗുകളിലൂടെ പരിഹരിക്കാൻ സാധിച്ചു. ഈ കാലയളവിലെ മൊത്തം ഇന്ത്യക്കാരുടെ മരണ കേസുകൾ 1,126 ആയിരുന്നു, അതിൽ 926 മൃതദേഹങ്ങൾ സൗദിയിൽ തന്നെ ഖബറടക്കം ചെയ്യാനും 197 മൃതദേഹങ്ങൾ നാട്ടിലയക്കാനും കോൺസുലേറ്റ് എൻ.ഒ.സി ഇഷ്യൂ ചെയ്തു നൽകി. ഇതേ കാലയളവിൽ കോൺസുലേറ്റ് ഏകദേശം 50,000 പാസ്‌പോർട്ടുകൾ, 5,000 വിസകൾ, 5,000 എമർജൻസി സർട്ടിഫിക്കറ്റുകൾ എന്നിവ ഇഷ്യൂ ചെയ്യുകയും 10,000 ത്തിലധികം അപേക്ഷകർക്ക് അവരുടെ രേഖകൾ അറ്റസ്റ്റേഷൻ ചെയ്തു കൊടുക്കാനും സാധിച്ചതായി കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ വിവിധ കോണ്സുലർമാരും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.