ജിദ്ദ ഇന്ത്യൻ ഇസ്ലാഹി പ്രവർത്തക കൺവെൻഷൻ
text_fieldsജിദ്ദ: മതം പ്രബോധനം ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും നിർബന്ധ ബാധ്യതയാണെന്നും അത് കേവലം പണ്ഡിതരിൽ മാത്രം നിക്ഷിപ്തമല്ലെന്നും പ്രമുഖ പണ്ഡിതനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറും സ്നേഹസംവാദം മാസിക എഡിറ്ററുമായ എം.എം. അക്ബർ പറഞ്ഞു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടന എന്നത് പ്രബോധനം നിർവഹിക്കാനുള്ള കേവലം ഒരു പ്ലാറ്റ് ഫോം മാത്രമാണ്. അത് സംഘമായി നിർവഹിച്ചതുകൊണ്ടാണ് ഇന്ന് കാണുന്ന പുരോഗതിക്കും അതിലുപരി അതിനെ നവോത്ഥാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിൽ ഞാൻ എന്ന വിശേഷണം ഇല്ല, മറിച്ച് ഞങ്ങൾ എന്ന ഒറ്റക്കെട്ടായ മനോഭാവമാണ് ഉണ്ടാകേണ്ടത്.
കൂട്ടായ പ്രവർത്തനത്തിൽ നിന്നാണ് കൂട്ടായ വിജയം കൈവരിക്കുന്നത്. വിമർശനങ്ങൾ സ്വാഭാവികമാണ്. എന്നാൽ, വിമർശനം ക്രിയാത്മകമായിരിക്കണം. വിമർശനങ്ങൾ സംഘടനയുടെ ഗുണപരമായ വളർച്ചക്കും ഉയർച്ചക്കും കാരണമാകും. ഏറ്റവും നല്ല സംഘടന പ്രവർത്തകൻ പ്രശ്നങ്ങളെ പർവതീകരിച്ച് കൊണ്ടുവരുന്നവനല്ല, മറിച്ച് വലിയ പ്രശ്നങ്ങളെ ചെറുതാക്കി ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ്. മതം ഗുണകാംക്ഷയാണ്. അതുകൊണ്ടുതന്നെ പ്രബോധന പ്രവർത്തനങ്ങളും ഗുണകാംക്ഷപരമായിരിക്കണമെന്നും എം.എം. അക്ബർ ഉദ്ബോധിപ്പിച്ചു.
പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. അൻസാർ നന്മണ്ട സംസാരിച്ചു. റിയാദ് ഇസ്ലാഹി സെന്റർ ലേൺ ദ ഖുർആൻ കമ്മിറ്റി കൺവീനർ സുൽഫിക്കർ അലി ചടങ്ങിൽ സംബന്ധിച്ചു. ഇസ്ലാഹി സെന്റർ സെക്രട്ടറി സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.