ലോക്സഭ തെരഞ്ഞെടുപ്പ്: പ്രവാസി ആകുലതകൾ പങ്കുവെച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ടോക്ക് ഷോ
text_fieldsജിദ്ദ: ഇന്ത്യയിലെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആകുലതകൾ പങ്കുവെച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച 'ടോക്ക് ഷോ' ശ്രദ്ധേയമായി. 'വോട്ടർമാർ ബൂത്തിലേക്ക്; പ്രവാസികൾ നിലപാട് വ്യക്തമാക്കുന്നു' എന്ന പേരിൽ ജിദ്ദ സീസൺ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക, കലാ, സാഹിത്യ, മത സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. നിർണായകമായ തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും ഈ തെരഞ്ഞെടുപ്പിൽ പ്രവാസികൾ തങ്ങളുടെ ഭാഗദേയം കൃത്യമായി വിനിയോഗിക്കണമെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഏത് തെരഞ്ഞെടുപ്പ് വന്നാലും പ്രവാസി വിഷയങ്ങൾക്ക് കാര്യമായ പരിഗണന നല്കാൻ രാഷ്ട്രീയ പാർട്ടികളൊന്നും ശ്രദ്ധിക്കാറില്ലെന്നും പ്രവാസികൾ ഒറ്റക്കെട്ടായി ശബ്ദമുയർത്തുകയല്ലാതെ ഇതിന് മറ്റുവഴികളില്ലെന്നും ടോക്ക് ഷോ വിലയിരുത്തി.
സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അവസാനത്തിന്റെ തുടക്കമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് മാധ്യമപ്രവർത്തകൻ എ.എം സജിത്ത് അഭിപ്രായപ്പെട്ടു. ജനാധിപത്യ സംവിധാനത്തില്‍ സത്യസന്ധമായി വിവരങ്ങള്‍ ലഭിക്കാനുള്ള ഏകമാര്‍ഗം സുതാര്യമായ, നിഷ്പക്ഷ മാധ്യമങ്ങളാണ്. അത്തരമൊരു മാധ്യമ ശൃംഘലയുടെ അഭാവം മുഴച്ചു കാണുന്നു. പവര്‍ പൊളിറ്റിക്‌സിന്റെ പാത പിന്തുടര്‍ന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപചയത്തിനു കാരണമായിട്ടുണ്ട്. പിടിച്ചു നില്‍ക്കാൻ കഴിയുമോ എന്ന ഭയപ്പാടില്‍ നിന്നാണ് നേതാക്കളില്‍നിന്നും വിഷലിപ്തമായ വാക്കുകള്‍ വരുന്നത്. ഇത്തരം ആശങ്കകള്‍ക്കു മേലെ നാം പുതിയ രാജ്യം പടുത്തുയര്‍ത്തും എന്ന കാരൃത്തില്‍ സംശയമില്ലെന്നും എ.എം സജിത്ത് അഭിപ്രായപ്പെട്ടു.
വര്‍ഗീയ, വംശീയ കലാപമുണ്ടാക്കിയാണ് ഒന്നാം മോദി സർക്കാർ അധികാരത്തില്‍ വന്നത്. രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുത്താണ് രണ്ടാമത് ബി.ജെ.പി അധികാരത്തിലെത്തിയത്. നിലവിൽ കോര്‍പറേറ്റ് മാധ്യമങ്ങളെ കൂട്ടുപ്പിടിച്ചു വീണ്ടും അധികാരത്തിലേറാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തികൊണ്ടിരിക്കുന്നതെന്ന് ഷിബു തിരുവനന്തപുരം (നവോദയ) അഭിപ്രായപ്പെട്ടു. സാമ്പത്തികമായി ഇന്തൃയെ തകര്‍ത്ത, കോര്‍പറേറ്റ് സ്ഥാപനങ്ങളെ സഹായിക്കുന്ന മോദിയുടെ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് ശബ്ദിക്കുന്നില്ലെന്നും അതിനാൽ കേരളത്തിലെ 20 ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളേയും വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പിക്ക് കീഴിൽ കേന്ദ്രസർക്കാർ തങ്ങളുടെ അധികാരം ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യ, മതേതരത്വത്തെ നശിപ്പിച്ചതായി സി.എം അഹമ്മദ് (ഒ.ഐ.സി.സി) പറഞ്ഞു. ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങി മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ വരുതിയിലാക്കി. മുസ്‌ലിം പേരുള്ളവന് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കി. സാമ്പത്തിക ഞെരുക്കമുണ്ടാക്കി. ഇതിന്റെ പ്രത്യാഘാതം നാട്ടിലുള്ളരെക്കാൾ പ്രവാസികളിലുണ്ടാക്കി. ഫാസിസ്റ്റ് ഭരണം വീണ്ടും വരാതിരിക്കാനുള്ള ശ്രമം നടത്തണം. കോണ്‍ഗ്രസ് അധികാരത്തിൽ വന്നാല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പല കാടൻ നിയമങ്ങളും റദ്ദാക്കും. കൃത്രിമത്വത്തിന്റെ ആശങ്കയുണ്ടെങ്കിലും അതിനെ മറികടന്ന് നല്ല ശതമാനം വോട്ടിങ്ങിലൂടെ ബി.ജെ.പിയെ താഴേ ഇറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ എന്ന ഒറ്റക്കെട്ടിൽ ബി.ജെ.പിക്കെതിരെ ഒന്നിക്കുന്ന സഖ്യത്തിന് ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവുമെന്ന് കണക്കുകൾ നിരത്തി വി.പി മുസ്തഫ (കെ.എം.സി.സി) വിലയിരുത്തി. പ്രവാസികളെ തീർത്തും അവഗണിച്ച സർക്കാറായിരുന്നു 10 വർഷക്കാലം കേന്ദ്രത്തിലും നിലവിൽ കേരളത്തിലും. കഴിഞ്ഞ യു.പി.എ സർക്കാറുകളുടെ കാലത്ത് പ്രവാസികൾക്ക് വേണ്ടി സർക്കാർ ചെയ്ത സേവനങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ബി.ജെ.പിയെ താഴെയിറക്കാൻ നിലവിൽ കോൺഗ്രസിന് കീഴിലുള്ള സംവിധാനത്തിനല്ലാതെ മറ്റാർക്കും കഴിയില്ലെന്നും അതിനാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണിയെ ശക്തിപ്പെടുത്താനാവണം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് സാദിഖലി തുവ്വൂർ അധ്യക്ഷത വഹിച്ചു. പി.എം മായിൻകുട്ടി വിഷയാവതരണം നടത്തി. സത്താര്‍ ഇരിട്ടി (ന്യൂ ഏജ്), ഉമർ ഫാറൂഖ് (പ്രവാസി വെൽഫയർ), കെ.ടി അബൂബക്കർ (ജി.ജി.ഐ), നാസർ ചാവക്കാട് (ഐ.ഡി.ഡി), സി.എച്ച് ബഷീർ (തനിമ), അബ്ബാസ് ചെമ്പൻ (ഇസ്ലാഹി സെന്റർ), അബ്ദുൽ ഗഫൂർ (വിസ്‌ഡം), മിർസ ശരീഫ്, അരുവി മോങ്ങം, ശിഹാബ് കരുവാരകുണ്ട്, ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി, ഗഫൂർ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, ബിജു രാമന്തളി, കെ.സി ഗഫൂർ, റജിയ ബീരാൻ, മുംതാസ് ടീച്ചർ പാലോളി, നൂറുന്നീസ ബാവ തുടങ്ങിയവരും സംസാരിച്ചു. ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി സ്വാഗതവും ട്രഷറർ സാബിത്ത് സലിം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.