ജിദ്ദ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി രണ്ട് മലയാളികളടക്കം നാല് പേരെ ഉൾപ്പെടുത്തി വികസിപ്പിച്ചു
text_fieldsജിദ്ദ: ഒരു വനിതയും രണ്ട് മലയാളികളുമടക്കം നാല് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി വികസിപ്പിച്ചു. നേരത്തെ നിലവിലുണ്ടായിരുന്ന ഏഴംഗ കമ്മിറ്റിയിൽ നിന്നും രണ്ട് മാസങ്ങൾക്ക് മുമ്പ് ചെയർമാൻ അടക്കം നാല് പേരെ ഒഴിവാക്കിയിരുന്നു.
ഒഴിവാക്കിയവരുടെ കൂട്ടത്തിൽ ഏക മലയാളി അംഗവുമുണ്ടായിരുന്നു. ഒഴിവാക്കിയ നാലംഗങ്ങൾക്ക് പകരം പുതിയ അംഗങ്ങളെ ഉൾപ്പെടുത്താൻ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. യോഗ്യമായ അപേക്ഷകളിൽ നിന്നും ഇന്ത്യൻ അംബാസഡറും സൗദിയിലെ ഇന്ത്യൻ സ്‌കൂളുകളുടെ രക്ഷാധികാരിയുമായ ഡോ. ഔസാഫ് സഈദിെൻറ ശുപാർശപ്രകാരം സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അംഗീകാരത്തോടെയാണ് കമ്മിറ്റി അംഗങ്ങളുടെ നിയമനം.
തമിഴ്നാട്ടിൽ നിന്നുള്ള ഡോ. കവിത ഒടതുരൈ മറുസാമി ആണ് പുതുതായി ഉൾപ്പെടുത്തിയ വനിത അംഗം. ജിദ്ദ ഇബ്നു സീന മെഡിക്കൽ കോളേജിൽ പ്രൊഫസറായും ഡോക്ടറായും സേവനം ചെയ്യുകയാണിവർ. മലയാളികളായ ജസീം അബു മുഹമ്മദ്, മുഹമ്മദ് അസ്‌ലം ആലങ്ങാടൻ, മഹാരാഷ്ട്ര സ്വദേശി ശിവശങ്കർ ജൈസ് വാൾ എന്നിവരാണ് മറ്റു മൂന്ന് പേർ. ഗോദ്‌റെജ് ഇൻഫോടെക് കമ്പനിയുടെ മിഡിൽ ഈസ്റ്റ് റീജിയനൽ ഡയറക്ടർ ആയ ജസീം അബു മുഹമ്മദ് സ്‌കൂളിലെ പൂർവവിദ്യാർഥിയാണ്.
ജിദ്ദ അബ്ദുലത്തീഫ് ജമീൽ കമ്പനിയിലെ ഇലക്ട്രോണിക് വിഭാഗത്തിൽ പ്രോഡക്റ്റ് മാനേജരാണ് മുഹമ്മദ് അസ്‌ലം ആലങ്ങാടൻ. നേരത്തെ നിലവിലുണ്ടായിരുന്ന കമ്മിറ്റിയിൽ മുഹ്‌സിൻ ഹുസൈൻ ഖാൻ, ഡോ. അബ്ദുൽ സത്താർ സമീർ, ഡോ. പ്രിൻസ് മുഫ്ത്തി സിയാഉൽ ഹസൻ എന്നിവരെ നിലനിർത്തിയിരുന്നു. സ്‌കൂൾ പൂർവവിദ്യാർഥിയായ മുഹ്‌സിൻ ഹുസൈൻ ഖാനെ പുതിയ ചെയർമാനായും നിശ്ചയിച്ചിരുന്നു. മൂന്ന് വർഷമാണ് കമ്മിറ്റിയുടെ പ്രവർത്തന കാലയളവ്. നിലവിലെ കമ്മിറ്റിയുടെ കാലയളവ് 2022 ജനുവരി 15 ന് അവസാനിക്കും.
രക്ഷിതാക്കളുടെ വോട്ടെടുപ്പിലൂടെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കുന്ന മാനേജിങ് കമ്മിറ്റിയായിരുന്നു നേരത്തെ നിലവിൽ വന്നിരുന്നത്. എന്നാൽ 2018 ൽ ഇത്തരത്തിൽ നിലവിലുണ്ടായിരുന്ന അന്നത്തെ കമ്മിറ്റിയെ പിരിച്ചുവിട്ടാണ് നോമിനേഷനിലൂടെ പുതിയ കമ്മിറ്റി അംഗങ്ങളെ നിശ്ചയിക്കുന്ന രീതി ആരംഭിച്ചത്.
ചെയർമാൻ: മുഹ്‌സിൻ ഹുസൈൻ ഖാൻ
അംഗങ്ങൾ: ഡോ. കവിത ഒടതുരൈ മറുസാമി, മുഹമ്മദ് അസ്‌ലം ആലങ്ങാടൻ, ജസീം അബു മുഹമ്മദ്, ശിവശങ്കർ ജൈസ് വാൾ,ഡോ. പ്രിൻസ് മുഫ്ത്തി സിയാഉൽ ഹസൻ, ഡോ. അബ്ദുൽ സത്താർ സമീർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.