ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളം; മുഴുവൻ സർവിസുകളും പുതിയ ടെർമിനൽ ഒന്നിലേക്ക് മാറ്റി
text_fieldsജിദ്ദ: കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകൾ മുഴുവൻ പുതിയ എയർപോർട്ട് ടെർമിനൽ ഒന്നിലേക്ക് മാറ്റി. ഇതോടെ 40 വർഷത്തിന് ശേഷം ദക്ഷിണ ടെര്‍മിനല്‍ പൂർണമായും അടച്ചു. ഇതുസംബന്ധിച്ച് ഇറക്കിയ വിഡിയോയിലൂടെ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഏറ്റവും പുതിയ അന്താരാഷ്ട്ര സാങ്കേതികവിദ്യകളുള്ള ടെർമിനൽ ഒന്നിന്‍റെ വിശദവിവരങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 8,10,000 ചതുരശ്ര മീറ്ററിൽ നിർമിച്ചിരിക്കുന്ന പുതിയ ടെർമിനലിന് ഒരു വർഷം 30 ദശലക്ഷത്തിലധികം യാത്രക്കാരെ ഉൾകൊള്ളുന്നതിനുള്ള ശേഷിയുണ്ട്. യാത്രാനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 220 കൗണ്ടറുകൾ, യാത്രക്കാർക്ക് സ്വയം സർവിസിനായി 80 കൗണ്ടറുകൾ, അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവിസുകൾക്കായി 46 ഗേറ്റുകൾ തുടങ്ങിയവ പുതിയ ടെർമിനലിന്‍റെ പ്രത്യേകതകളാണ്.
യാത്രക്കാരുടെ ബാഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള നൂതന സംവിധാനങ്ങൾ വഴി യാത്ര പുറപ്പെടുന്നവരുടെ 7,800 ബാഗുകളും എയർപോർട്ടിൽ വന്നിറങ്ങുന്നവരുടെ 9,000 ബാഗുകളും ഒരു മണിക്കൂറിൽ കൈകാര്യം ചെയ്യാൻ സാധിക്കും. എയർബസ് എ 380 സൂപർ ജംബോ ജെറ്റ് വിമാനം ഉൾപ്പെടെ ഒരേ സമയം 70 വിമാനങ്ങൾ വരെ ഉൾക്കൊള്ളാൻ പുതിയ ടെർമിനലിന് സാധിക്കും. ഒമ്പത് മീറ്റർ വ്യാസത്തിൽ ആൻറിനയും 136 മീറ്റർ ഉയരവുമുള്ള ലോകത്തിലെ ഏറ്റവും വലിയ എയർ ട്രാഫിക് കൺട്രോൾ ടവറും പുതിയ ടെർമിനലിൽ പ്രവർത്തിക്കുന്നു.
ടെർമിനലിന് മധ്യഭാഗത്തായി യാത്രക്കാർക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം വലിയ പൂന്തോട്ടം സജ്ജീകരിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അക്വേറിയവും ടെർമിനലിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. 28,000 ചതുരശ്ര മീറ്ററിൽ 120 ഷോപ്പുകളും ടെർമിനലിനകത്ത് പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷം മുതൽ തന്നെ പല ആഭ്യന്തര സർവിസുകളും പുതിയ ടെർമിനലിലേക്ക് ഘട്ടം ഘട്ടമായി മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ മുഴുവൻ സർവിസുകളും ടെർമിനൽ ഒന്നിലേക്ക് മാറുമ്പോൾ 40 വർഷം പഴക്കമുള്ള ദക്ഷിണ ടെര്‍മിനല്‍ വിസ്‌മൃതിയിലേക്ക് നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.