ഡി.ജി.സി.എ അനുമതി നിഷേധിച്ചു; ജിദ്ദ-കൊച്ചി സൗദിയ വിമാനം മുടങ്ങി
text_fieldsജിദ്ദ: ഇന്ത്യൻ ഡി.ജി.സി.എ അനുമതി നിഷേധിച്ചതിനെത്തുടർന്ന് സൗദിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാനം മുടങ്ങി. വെള്ളിയാഴ്ച പുലർച്ചെ 12.20 ന് ജിദ്ദയിൽ നിന്നും കൊച്ചിയിലേക്ക് പോവേണ്ടിയിരുന്ന സൗദിയയുടെ SV 3572 ചാർട്ടേഡ് വിമാനമാണ് ഡി.ജി.സി.എയുടെ അനുമതിയില്ലാത്തതിനെത്തുടർന്ന് അവസാന നിമിഷം മുടങ്ങിയത്.
സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ വിവിധ നഗരങ്ങളിൽ നിന്നും കിലോമീറ്ററുകളോളം റോഡ് യാത്ര ചെയ്ത് ജിദ്ദ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പല യാത്രക്കാരും വിമാനം മുടങ്ങിയ വിവരമറിയുന്നത്. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്നവർ, ഗർഭിണികൾ, കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇതോടെ പ്രയാസത്തിലായി.
കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഓരോരുത്തർക്കും 5000 ത്തിലധികം രൂപ ചെലവാക്കി എടുത്ത പി.സി.ആർ കോവിഡ് പരിശോധന നെഗറ്റീവ് റിപ്പോർട്ടും ഇതോടെ ഉപോയോഗിക്കാൻ പറ്റാത്ത അവസ്ഥയായി. യാതൊരു മുന്നറിയിപ്പുമില്ലാതെ ഡി.ജി.സി.എയുടെ ഭാഗത്ത് നിന്നും വിമാനത്തിനുള്ള അനുമതി നിഷേധിച്ചതിൽ കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാർ. കൃത്യമായ കാരണം അറിയിക്കാതെ വിമാനത്തിന് ഡി.ജി.സി.എ അനുമതി നിഷേധിച്ചത് ദുരൂഹമാണ്.
വരും ദിവസങ്ങളിലും നിരവധി യാത്രക്കാർ സൗദിയിലെ റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്നുള്ള വിവിധ ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് പോവാനിരിക്കെ ഡി.ജി.സി.എ ഇത്തരമൊരു തീരുമാനം എടുത്തതിൽ പ്രവാസികൾ ആശങ്കാകുലരാണ്.
ജിദ്ദ ഒ.ഐ.സി.സി പ്രതിഷേധിച്ചു
പ്രത്യേകിച്ച് കാരണമൊന്നും അറിയിക്കാതെ ജിദ്ദ-കൊച്ചി സൗദിയ വിമാനത്തിന് അവസാന നിമിഷം അനുമതി നിഷേധിച്ച ഇന്ത്യൻ ഡി.ജി.സി.എ തീരുമാനത്തിൽ ജിദ്ദ ഒ.ഐ.സി.സി പ്രതിഷേധിച്ചു.
സൗദിയിൽ നിന്നും കേരളത്തിലേക്ക് ഇനി ഒരു ചാർട്ടർ വിമാനത്തിനും അനുമതി നൽകേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഡി.ജി.സി.എ എന്നാണ് അനൗദ്യോഗികമായി അറിയുന്നത്. ഇത് പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജിയനൽ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീർ പറഞ്ഞു. വിഷയത്തിൽ ഇന്ത്യൻ മിഷനുമായും, നോർക്ക വകുപ്പുമായും, കേന്ദ്ര സിവിൽ ഏവിയേഷനുമായും ബന്ധപ്പെട്ടപ്പോൾ എല്ലാവരും കൈമലർത്തുകയായിരുന്നു. വ്യക്തമായ കാരണം നൽകാതെ കേരളത്തിലേക്കുള്ള മുഴുവൻ ചാർട്ടർ വിമാനങ്ങൾക്കും ഇനി അനുമതി നൽകില്ല എന്നാണ് അറിയുന്നത്. ഇങ്ങിനെ ഒരു തീരുമാനമുണ്ടെങ്കിൽ എന്തുകൊണ്ട് നേരത്തെ അറിയിച്ചില്ലെന്നും ഇതുകൊണ്ട് പ്രവാസികളെ കഷ്ടപെടുത്തുക എന്നത് മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും മുനീർ കുറ്റപ്പെടുത്തി.
നിയമസഭ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ വോട്ടർമാരായ സൗദിയിലെ പ്രവാസികൾ നാട്ടിലെത്തുന്നത് തടയുവാനുള്ള ഗൂഢ ശ്രമമാണ് കേന്ദ്ര, കേരള സർക്കാരുകൾ ഒത്തൊരുമിച്ച് നടത്തുന്നതെന്ന് സംശയിക്കുന്നതായും മുനീർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.