ജിദ്ദ-കോഴിക്കോട് വലിയ വിമാനങ്ങൾ റദ്ദാക്കിയതിൽ പ്രതിഷേധം ശക്തമാവുന്നു
text_fieldsജിദ്ദ: ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് മെയ് 29,30 തിയതികളില്‍ സര്‍വീസ് നടത്താനിരുന്ന എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ റദ്ദാക്കി പകരം ചെറിയ വിമാനങ്ങളാക്കിയതിൽ പ്രവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാവുന്നു. 319 പേർക്ക് യാത്രചെയ്യാവുന്ന വലിയ വിമാനങ്ങൾ രണ്ടു ദിവസങ്ങളിലായി സർവീസ് നടത്തുമെന്നായിരുന്നു നേരത്തെ കോൺസുലേറ്റ് അറിയിച്ചിരുന്നത്. ഇതനുസരിച്ചു അടിയന്തിരമായി നാട്ടിലേക്ക് മടങ്ങേണ്ടവരിൽ നിന്നും മുൻഗണന അനുസരിച്ചുള്ളവരെ കോൺസുലേറ്റ് അധികൃതർ തിരഞ്ഞെടുത്തിരുന്നു.
ഇവരെ കോൺസുലേറ്റിൽ നിന്നും നേരിട്ട് വിളിക്കുകയും എയർ ഇന്ത്യയിൽ നിന്നും ടിക്കറ്റ് വാങ്ങുന്നതിനുള്ള നിര്‍ദേശങ്ങള്‍ നൽകുകയും ചെയ്തിരുന്നു. അതനുസരിച്ച് യാത്രക്കാർ ടിക്കറ്റ് വാങ്ങാനും തുടങ്ങിയിരുന്നു. ഇതിനിടക്കാണ് വലിയ വിമാനങ്ങൾക്ക് പകരം 149 യാത്രക്കാരെ ഉൾകൊള്ളാൻ കഴിയുന്ന A320 നിയോ ശ്രേണിയിൽ പെട്ട ചെറിയ വിമാനം ഉപയോഗിച്ചാണ് രണ്ടു ദിവസവും സർവീസുകൾ നടത്തുക എന്നുള്ള വിവരം നാട്ടിൽ നിന്നും അറിയുന്നത്. ഇതോടെ രണ്ടു ദിവസങ്ങളിലായി 638 പേർക്ക് യാത്രചെയ്യാൻ സാധിക്കുമായിരുന്ന അവസരം കേവലം 298 പേർക്കായി ചുരുങ്ങുകയും 340 പേരുടെ യാത്ര മുടങ്ങുകയും ചെയ്തു. ഇതോടെ നേരത്തെ വിവരം അറിയിച്ചവരിൽ നിരവധി പേരെ കോൺസുലേറ്റിൽ നിന്ന് തന്നെ വിളിച്ചു നിലവിൽ യാത്ര സാധ്യമാകില്ലെന്ന വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ഗർഭിണികളും അടിയന്തിര ചികിത്സക്ക് നാട്ടിലേക്ക് പോവേണ്ടവരും സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയവരുമായ നിരവധി പേർക്കാണ് യാത്ര മുടങ്ങിയിരിക്കുന്നത്.
റണ്‍വേ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് രാത്രി ലാൻഡിങ് സൗകര്യം അനുവദിക്കാനാവില്ല എന്നതാണ് വലിയ വിമാനം റദ്ദാക്കാൻ കാരണമെന്നാണ് വിവരം. തികച്ചും സാങ്കേതികമായ ഈ കാരണം കൊണ്ട് മാത്രം കഷ്ട്ടപ്പെടുന്ന നൂറുക്കണക്കിനാളുകളുടെ യാത്ര മുടക്കേണ്ടതുണ്ടോ എന്നും അങ്ങിനെയെങ്കിൽ പകൽ സമയം വിമാനം ലാൻഡ് ചെയ്യാനുള്ള സമയക്രമീകരണം നടത്തുന്നതിനെക്കുറിച്ചു അധികൃതർക്ക് ആലോചിച്ചുകൂടെ എന്നുമാണ് വിവിധ കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയരുന്നത്. എന്നാൽ തികച്ചും രാഷ്ട്രീയപരമായ ചില അനാവശ്യ ഈഗോകളുടെ ഭാഗമായാണ് നിലവിലെ വലിയ വിമാനങ്ങൾ റദ്ദാക്കിയതെന്ന് വിശ്വസിക്കുന്നവരും ധാരാളം. തീരുമാനം പുനഃപരിശോധിച്ചു വലിയ വിമാനങ്ങൾ തന്നെ സർവീസ് നടത്തണമെന്നാണ് ജിദ്ദയിലെ മുഴുവൻ സാമൂഹ്യ സംഘടനകളും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.