എൻജിൻ തകരാർ; ജിദ്ദ-കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം ജിദ്ദയിൽ തിരിച്ചിറക്കി
text_fieldsജിദ്ദ: വ്യാഴാഴ്ച ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം എൻജിൻ തകരാറിനെ തുടർന്ന് ജിദ്ദയിൽ തിരിച്ചിറക്കി. രാവിലെ 10.30 ന് ജിദ്ദ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന എസ്.ജി 036 നമ്പർ വിമാനം ഒന്നര മണിക്കൂറിന് ശേഷം ജിദ്ദയിൽ തന്നെ എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു. പറന്നുയർന്ന വിമാനത്തിൽ അര മണിക്കൂറിന് ശേഷം വലിയ ശബ്ദം ഉണ്ടാവുകയും അസാധാരണ കുലുക്കം അനുഭവപ്പെടുകയുമായിരുന്നെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തി.
വീണ്ടും ഒരു മണിക്കൂർ പറന്ന് ഇന്ധനം പരമാവധി തീർത്ത ശേഷം വിമാനം ജിദ്ദയിൽ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് അറിയിപ്പ് കിട്ടിയപ്പോൾ ജിദ്ദ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തുന്നതിനായി ഫയർഫോയ്സ്, ആംബുലൻസ് തുടങ്ങി മുഴുവൻ സംവിധാനങ്ങളും അധികൃതർ വിന്യസിച്ചിരുന്നു.
വിമാനത്തിനകത്ത് വലിയ ശബ്ദവും കുലുക്കവുമുണ്ടായത് ഭൂരിപക്ഷം ഉംറ തീർത്ഥാടകരുൾപ്പെടുന്ന യാത്രക്കാരെ പരിഭ്രാന്തരാക്കിയെന്ന് യാത്രക്കാരനായിരുന്ന മലപ്പുറം പോത്തുകല്ല് സ്വദേശി സുൽഫീക്കർ മാപ്പിളവീട്ടിൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ജിദ്ദ വിമാനത്താവളത്തിൽ ഇറക്കിയ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. വിമാനത്തിനുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ ജിദ്ദ വിമാത്താവളത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ചുരുങ്ങിയത് 10 മണിക്കൂറെങ്കിലും കഴിഞ്ഞെങ്കിൽ മാത്രമേ യാത്രക്കാരെ വീണ്ടും കോഴിക്കോട്ടേക്ക് കൊണ്ടുപോവാൻ സാധിക്കൂവെന്നാണ് സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചിരിക്കുന്നതെന്ന് സുൽഫീക്കർ അറിയിച്ചു.
അതിനിടയിൽ ഈ വിമാനത്തിനകത്ത് കുട്ടികളടക്കമുള്ള യാത്രക്കാർക്ക് വിതരണം ചെയ്ത ന്യൂഡിൽസ് ഭക്ഷണം നാല് ദിവസങ്ങൾക്ക് മുമ്പ് കാലഹരണപ്പെട്ട തീയതിയിലുള്ളതായിരുന്നുവെന്നും ഇതിനെതിരെ തങ്ങൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും യാത്രക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.