ഇന്ത്യന്‍ തീർഥാടകർക്ക് ആദ്യമായി ജിദ്ദ-മക്ക അതിവേഗ ഹറമൈന്‍ ട്രെയിന്‍ സൗകര്യം -കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം
text_fieldsസാദിഖലി തുവ്വൂർജിദ്ദ: ഇതാദ്യമായി ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഇന്ത്യൻ തീർഥാടകരെ മക്കയിലെത്തിക്കാൻ അതിവേഗ ഹറമൈന്‍ ട്രെയിന്‍ സൗകര്യം ലഭ്യമായതായി ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. കോൺസുലേറ്റിൽ വിളിച്ചു ചേർത്ത വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 26 മുതൽ മുംബൈ എംബാർക്കേഷൻ പോയിന്റിൽനിന്നു ജിദ്ദയിലെത്തുന്ന ഏകദേശം 30,000ത്തോളം തീർഥാടകർക്കാണ് ഈ സൗകര്യം ലഭിക്കുക. ഈ വർഷത്തെ ഹജ്ജ് സീസണിൽ 10 ലക്ഷം തീർഥാടകർക്ക് ഹറമൈന്‍ ട്രെയിന്‍ സൗകര്യം ലഭ്യമാക്കുമെന്ന് നേരത്തെ സൗദി അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നുള്ള തീർഥാടകർക്കും ഈ സൗകര്യം ലഭ്യമായത്. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ ഒന്നിലാണ് മുംബൈയില്‍നിന്നുള്ള ഹാജിമാര്‍ വിമാനമിറങ്ങുന്നത്. ഇവര്‍ക്ക് വിമാനത്താവളത്തില്‍നിന്നു തന്നെ ഹറമൈന്‍ ട്രെയിനില്‍ മക്കയിലേക്ക് പോകാനാവുമെന്ന് കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.
4,000 തീർഥാടകരാണ് ഓരോ ദിവസവും ഇന്ത്യയിൽ നിന്നും സൗദിയിലെത്തുന്നത്. 58,496 ഇന്ത്യൻ തീർഥാടകർ ഇതിനോടകം സൗദിയിൽ എത്തിയിട്ടുണ്ട്. ഇവരിൽ 29,673 പേർ മദീനയിലും 28,823 തീർഥാടകർ മക്കയിലുമാണ്. മദീനയിലെത്തിയ തീർഥാടകരിൽ ഭൂരിഭാഗത്തിനും ഹറമിനു സമീപം മര്‍ക്കിയ ഏരിയയിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. മിനായില്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാർക്ക് രണ്ട് മുതല്‍ നാലു വരെ സോൺ പരിധിക്കുള്ളിൽ തന്നെ താമസസൗകര്യം ഒരുക്കാനായി. മിനയില്‍ 40 ബെഡ് സൗകര്യമുള്ള ഒന്നും 30 ബെഡുകളുള്ള രണ്ട് ആശുപത്രികളും മദീനയില്‍ 20 ബഡുകളുള്ള ആശുപത്രിയും ഹാജിമാർക്കായി ഒരുക്കിയിട്ടുണ്ട്. ഇതില്‍ 30 ബഡുകളുള്ള മിനയിലെ ഒരു ആശുപത്രി സ്ത്രീകള്‍ക്കു വേണ്ടി മാത്രമായിരിക്കും. ഇതിന് പുറമെ ആവശ്യത്തിന് ഡിസ്പെൻസറികളും സജ്ജമാക്കിയിട്ടുണ്ട്.
നാട്ടിൽ നിന്നും തീർഥാടകരെ സേവിക്കാനായി എട്ട് കോഓര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പടെ 600 ഉദ്യോഗസ്ഥരാണ് എത്തുന്നത്. ഇവരിൽ 180 ഡോക്ടര്‍മാരടക്കം 350 പേർ ആരോഗ്യ പ്രവർത്തകരാണ്. മൂന്ന് മാനസികാരോഗ്യ ചികിത്സാ വിദഗ്ധരും മെഡിക്കല്‍ സംഘത്തിലുണ്ട്. ഇത്തവണ മഹറം (ആൺ തുണ) ഇല്ലാതെ 5,000 വനിതകളാണ് ഇന്ത്യയിൽ നിന്ന് ഹജ്ജ് നിര്‍വഹിക്കാനെത്തുന്നത്. ഇവര്‍ക്കാവശ്യമായ പ്രത്യേക താമസസൗകര്യവും മറ്റും സജ്ജീകരിച്ചിട്ടുണ്ടെന്നും കോൺസുൽ ജനറൽ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഹജ്ജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ, കള്‍ച്ചറൽ ആൻഡ് കോമേഴ്‌സ് വിഭാഗം കോണ്‍സല്‍ മുഹമ്മദ് ഹാഷിം എന്നിവരും പങ്കെടുത്തു.
ഇന്ത്യൻ ഹാജിമാർ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ
ഹജ്ജിനെത്തിയ ഇന്ത്യൻ തീർഥാടകർ തങ്ങളുടെ സുരക്ഷക്കായി പ്രധാനമായും ശ്രദ്ധിക്കേണ്ടതും നടപ്പിൽ വരുത്തേണ്ടതുമായ മൂന്ന് കാര്യങ്ങൾ കോൺസുൽ ജനറൽ ഊന്നിപ്പറഞ്ഞു. മസ്ജിദുൽ ഹറാമിലോ പരിസരത്തോ ത്വവാഫ് ചെയ്യുമ്പോൾ മതാഫിലോ മറ്റോ നിലത്തുവീണ് കിടക്കുന്ന മറ്റുള്ളവരുടെ എന്തെങ്കിലും സാധനങ്ങൾ എടുക്കാനോ, അവ എടുത്തു സെക്യൂരിറ്റിയെ ഏല്‍പിക്കാനും അതിന്റെ പിറകെ പോകാനും ശ്രമിക്കരുത്. പുണ്യസ്ഥലങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
നിയമം ലംഘിക്കുകയോ സുരക്ഷാ ഉദ്യോഗസ്ഥരുമായി തര്‍ക്കങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുത്. അടയാളങ്ങള്‍ക്കു വേണ്ടിയോ മറ്റോ എന്ത് ഉദ്ദേശത്തിനായാലും കൊടികൾ, ബാനർ പോലുള്ളവ ഹാജിമാര്‍ ഉപയോഗിക്കരുത്. ഇക്കാര്യങ്ങൾ ഹാജിമാർ കർശനമായി പാലിക്കണമെന്നും അച്ചടക്കവും സംയമനവും പാലിക്കണമെന്നും കോൺസുൽ ജനറൽ ഇന്ത്യൻ ഹാജിമാരോട് ആവശ്യപ്പെട്ടു. മുന്‍ അനുഭവങ്ങളുടെ പശ്ചാതലത്തിലാണ് ഇക്കാര്യം പ്രത്യേകം ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്തസമ്മേളനത്തിൽ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സംസാരിക്കുന്നു. ഹജ്ജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ, കള്‍ച്ചറൽ ആൻഡ് കോമേഴ്‌സ് വിഭാഗം കോണ്‍സുല്‍ മുഹമ്മദ് ഹാഷിം എന്നിവർ സമീപം
പുതിയ കോൺസുലേറ്റ് സമുച്ചയ നിര്‍മാണം രണ്ടരവർഷത്തിനുള്ളിൽ പൂര്‍ത്തിയാക്കും -കോൺസുൽ ജനറൽ
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് സ്വന്തമായി നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിർമാണ ജോലികൾ ഉടനെയാരംഭിക്കുമെന്നും രണ്ടരവർഷത്തിനുള്ളിൽ പണികൾ പൂര്‍ത്തിയാക്കുമെന്നും കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. ജിദ്ദ അൽ അന്ദലുസ് ഡിസ്ട്രിക്ടിൽ മദീന റോഡിനടുത്ത് തുർക്കി കോണ്‍സുലേറ്റിന് സമീപത്തായി കോൺസുലേറ്റ് സ്വന്തമായി വാങ്ങിയ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ ഇന്ത്യന്‍ ചാന്‍സറി ആൻഡ് റെസിഡൻഷ്യൽ കോംപ്ലക്സ് നിർമിക്കുന്നത്.
കോൺസുലേറ്റ് ഓഫീസിന് പുറമെ വൈസ് കോൺസൽമാർ മുതൽ കീഴ്പ്പോട്ടുള്ള കോൺസുലേറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യം, സാംസ്കാരിക പരിപാടികൾക്കും മീറ്റിങ്ങുകൾക്കുമായി ആധുനിക സൗകര്യങ്ങളോടെ 450 പേർക്കിരിക്കാൻ സൗകര്യമുള്ള ഓഡിറ്റോറിയം, വിശാലമായ കാര്‍ പാര്‍ക്കിംഗ്, കളി സ്ഥലം ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങൾ പദ്ധതിയിലുണ്ടാവും. ജിദ്ദയിലെ എ.എസ് അൽസെയ്ദ് ആൻഡ് പാർട്ണേഴ്സ് കോൺട്രാക്ടിംങ് കമ്പനിക്കാണ് നിർമാണ ചുമതല. കള്‍ച്ചറൽ ആൻഡ് കോമേഴ്‌സ് വിഭാഗം കോണ്‍സല്‍ മുഹമ്മദ് ഹാഷിമിനാണ് പുതിയ കോൺസുലേറ്റ് സമുച്ചയ പദ്ധതിയുടെ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.