ജിദ്ദയിൽ സമഗ്ര ഗതാഗതസംവിധാനം ഫീൽഡ് സർവേ ആരംഭിച്ചു
text_fieldsജിദ്ദ: ജിദ്ദയിൽ സമഗ്ര ഗതാഗതസംവിധാനത്തിന്റെ ഫീൽഡ് സർവേ ആരംഭിച്ചു. നിലവിലെ ഗതാഗതമാതൃക വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പഠനപദ്ധതിയുടെ ഭാഗമായാണ് ഫീൽഡ് സർവേ ആരംഭിച്ചതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി വ്യക്തമാക്കി. എൻജിനീയറിങ് കൺസൽട്ടിങ് രംഗത്ത് സ്പെഷലൈസ് ചെയ്ത ഒരു കമ്പനിയുമായാണ് ഇതിന് കരാർ ഉണ്ടാക്കിയിരിക്കുന്നത്. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നായി ഗതാഗത സംവിധാനത്തിന്റെ ഭാവിപദ്ധതികൾ രൂപവത്കരിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി സംഭാവന ചെയ്യുമെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.
ഫീൽഡ് സർവേകൾ മാസങ്ങളോളം തുടരും. ജിദ്ദ നഗരത്തിനകത്തും പുറത്തുമുള്ള റോഡുകളുടെ കണക്കെടുപ്പ് ഇതിലുൾപ്പെടും. റോഡുകളിലെ തിരക്കും അവയുടെ ശേഷിയും അറിയുന്നതിനാണിത്. താമസക്കാരുടെ ദൈനംദിന യാത്രകളുടെ കണക്കെടുപ്പ് ലക്ഷ്യമിട്ട് വീടുകളിലെത്തി അഭിമുഖം നടത്തുന്നതും സർവേയിലുൾപ്പെടും.
ഗതാഗതം സുഗമമാക്കുന്നതിനും യാത്രാദൈർഘ്യം കുറയ്ക്കുന്നതിനും ഭാവിപദ്ധതികൾ വികസിപ്പിക്കലും ലക്ഷ്യങ്ങളിലുൾപ്പെടുമെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.
സർവേകൾ നടത്തുന്നതിനും ലക്ഷ്യം കൈവരിക്കുന്നതിനും ശരിയായ വിവരങ്ങൾ നൽകി സ്റ്റാറ്റിസ്റ്റിക്കൽ റിസർച് കമ്പനി പ്രതിനിധികളുമായി സഹകരിക്കണമെന്ന് എല്ലാ സ്ഥാപനങ്ങളോടും പൗരന്മാരോടും താമസക്കാരോടും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ഔദ്യോഗിക കാർഡിലൂടെയും അതിൽ കാണിച്ചിരിക്കുന്ന പരിശോധനാ കോഡിലൂടെയും ഫീൽഡ് സർവേ ഉദ്യോഗസ്ഥന്റെ ഐഡൻറിറ്റി പരിശോധിക്കേണ്ടതിന്റെ ആവശ്യകത മുനിസിപ്പാലിറ്റി ഉണർത്തിയിട്ടുണ്ട്.
ഏകീകൃത കാൾ സർവിസ് 940ൽ വിളിച്ച് കൂടുതൽ വിവരങ്ങളോ അഭിപ്രായങ്ങളോ അറിയാനാകുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.