തലാൽ മദ്ദയുടെ വീട് പൊളിക്കുന്നത് നിർത്തിവെക്കാൻ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ജിദ്ദ നഗരസഭ
text_fieldsജിദ്ദ: സൗദിയിൽ അന്തരിച്ച അതുല്യ കലാകാരൻ തലാൽ മദ്ദയുടെ വീട് പൊളിക്കുന്നത് നിർത്തിവയ്ക്കാൻ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ജിദ്ദ നഗരസഭ ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ ബഖാമി അറിയിച്ചു. നഗര വികസനത്തിന്റെയും ചേരി പ്രദേശം ഒഴിവാക്കുന്നതിന്റെയും ഭാഗമായി ജിദ്ദയിൽ പൊളിച്ചു നീക്കുന്ന കെട്ടിടങ്ങളുള്ള പ്രദേശത്ത് തന്നെയാണ് ഇദ്ദേഹത്തിന്റെ വീടുമുള്ളത്. എന്നാൽ അദ്ദേഹത്തോടുള്ള ആദര സൂചകമായി ഈ വീട് പൊളിച്ചുനീക്കുന്നില്ല എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതുസംബന്ധിച്ചാണ് നഗരസഭാ അധികൃതർ വീണ്ടും വിശദീകരണം നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വിഷയം ഇതുസംബന്ധിച്ച കമ്മിറ്റിയുടെ മുമ്പിലാണെന്നും നഗരസഭ വക്താവ് അറിയിച്ചു.
കമ്മിറ്റി ഇക്കാര്യം പഠിച്ച് വീട് പൊളിക്കണോ അതോ അതൊരു മ്യൂസിയമാക്കി നിലനിർത്തണോ എന്ന കാര്യം തീരുമാനിക്കും. കെട്ടിടങ്ങൾ പൊളിക്കുന്ന പ്രദേശങ്ങളിൽ ഇങ്ങിനെയുള്ള വീടുകൾ വേറെയും ഉണ്ടെന്നും അവയും പൊളിക്കണോ നിലനിർത്തണോ എന്നത് സംബന്ധിച്ച സാധ്യതയെക്കുറിച്ച് അന്തിമ തീരുമാനം കമ്മറ്റി തീരുമാനിക്കുമെന്നും ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അൽ ബഖാമി കൂട്ടിച്ചേർത്തു.
സൗദി അറേബ്യൻ സംഗീതജ്ഞനും സംഗീത സംവിധായകനുമായിരുന്നു 2000 ത്തിൽ അന്തരിച്ച തലാൽ മദ്ദ. ആരാധകർ അദ്ദേഹത്തെ 'ഭൂമിയുടെ ശബ്ദം' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 'ദ ഗോൾഡൻ ത്രോട്ട്' എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ അറേബ്യൻ സംസ്കാരത്തിൽ അദ്ദേഹത്തിന് ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. ഏകദേശം 66 ഔദ്യോഗിക ആൽബങ്ങളും 40 മറ്റ് ആൽബങ്ങളും ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. കൂടാതെ തന്റെ 50 വർഷത്തെ കരിയർ യാത്രയിൽ 1,000 ത്തിലധികം ഗാനങ്ങളും രചിച്ചിരുന്നു. അബഹയിൽ ഒരു സ്റ്റേജ് പരിപാടിയിൽ ഗാനം ആലപിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.