ജിദ്ദ നാഷനൽ ഹോസ്പിറ്റൽ റിയാദിലും; ആശുപത്രിക്ക് തറക്കല്ലിട്ടു
text_fieldsറിയാദ്: പ്രമുഖ ആശുപത്രി ശൃംഖലയായ ജിദ്ദ നാഷനൽ ഹോസ്പിറ്റൽ (ജെ.എൻ.എച്ച്) സൗദി തലസ്ഥാനമായ റിയാദിലും ആശുപത്രി തുറക്കുന്നു. പുതിയ ആശുപത്രിയുടെ തറക്കല്ലിടൽ ചടങ്ങ് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദും ഗ്രൂപ് ചെയർമാൻ വി.പി. മുഹമ്മദലിയും ചേർന്ന് നിർവഹിച്ചു. ആയിരത്തിലേറെ ജീവനക്കാരെയുൾക്കൊള്ളുന്ന മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലാണ് ഒരുങ്ങുന്നത്.
റിയാദിലെ ഹയ്യൽ മൻസൂറയിലാണ് ജിദ്ദ നാഷനൽ ഹോസ്പിറ്റലിന്റെ മൂന്നാമത്തെ ബ്രാഞ്ച് തുറക്കുന്നത്. ഒരാഴ്ചക്കുള്ളിൽ ആശുപത്രിയുടെ നിർമാണം തുടങ്ങാനാണ് ശ്രമം. 2025ന് മുന്നോടിയായി അത്യാധുനിക മൾട്ടി സ്പെഷാലിറ്റി ആശുപത്രി ജനങ്ങൾക്ക് തുറന്നുനൽകും. സൗദിയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിലെ മറ്റൊരധ്യായമാണ് ജെ.എൻ.എച്ചിന്റെ പുതിയ ആശുപത്രി സംരംഭമെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഫഹദ് രാജാവിന്റെ കാലത്ത് വിദേശികൾക്ക് നിക്ഷേപാവസരം നൽകിയപ്പോൾ സൗദിയിലെ ആരോഗ്യ മേഖലയിലും നിക്ഷേപ രംഗത്തും ആദ്യത്തെ ഇന്ത്യൻ സാന്നിധ്യമായിരുന്നു ജെ.എൻ.എച്ച് ചെയർമാനായ വി.പി. മുഹമ്മദലി. സൗദിയിലെ നിക്ഷേപ സാഹചര്യം ഏറ്റവും മികച്ചതാണെന്നും മറ്റു രാജ്യങ്ങളിലുള്ളവർ നിക്ഷേപത്തിനായി സൗദിയെ തിരഞ്ഞെടുക്കുന്നത് ഇതുകൊണ്ടാണെന്നും വി.പി. മുഹമ്മദലി പറഞ്ഞു. ആരോഗ്യ മേഖലക്ക് പുറമെ ഇതര മേഖലയിലും നിക്ഷേപ സാധ്യതകൾ തേടുന്നുണ്ട്. 1200ഓളം ജീവനക്കാരുണ്ടാകും പുതിയ ആശുപത്രിയിൽ.
നിശ്ചിത ശതമാനം സൗദികൾക്കൊപ്പം വിദേശികൾക്കും തൊഴിലവസരം സൃഷ്ടിക്കും. 2024 അവസാനത്തിലോ 2025 ആദ്യത്തിലോ ആശുപത്രി പ്രവർത്തനം ആരംഭിക്കും. റിയാദിലെ ജനകീയ ആശുപത്രിയായി ജെ.എൻ.എച്ച് മാറുമെന്നും വി.പി. മുഹമ്മദലി പ്രത്യാശ പ്രകടിപ്പിച്ചു. ജെ.എൻ.എച്ച് അഡ്മിൻ മാനേജർ അഹമ്മദ് അൽ സഹറാനി, റിയാദിലെ അൽറയാൻ ക്ലിനിക് ചീഫ് എക്സിക്യൂട്ടിവ് മാനേജർ മുഹമ്മദ് മൻസൂർ, ബിസിനസ് പ്രമുഖരായ സലീം മുല്ലവീട്ടിൽ, അൻസർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.