പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ജിദ്ദ നവോദയ
text_fieldsജിദ്ദ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന ജെയ്ക്ക് സി. തോമസിന്റെ വിജയത്തിനായി പ്രചാരണ രംഗത്ത് സജീവമായി ജിദ്ദ നവോദയ പ്രവർത്തകരും. കേരള സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങൾ രേഖപ്പെടുത്തിയ ലഘുലേഖകളുമായാണ് നവോദയ പ്രവർത്തകർ പ്രവാസികളുടെ വീടുകൾ സന്ദർശിച്ചത്.
പ്രവാസികൾക്കുള്ള ക്ഷേമപെൻഷൻ ഉയർത്തിയത് മുതൽ പ്രവാസികൾക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമ പദ്ധതികൾ ഒന്നൊന്നായി വിശദീകരിച്ചുകൊണ്ടുള്ള കാമ്പയിനാണ് നവോദയ പ്രവർത്തകർ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നടത്തിയത്. പ്രവാസി കുടുംബങ്ങളിൽനിന്ന് മികച്ച പ്രതികരണമാണ് നവോദയക്ക് ലഭിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. പ്രചാരണത്തിന്റെ അവസാന ദിവസം നവോദയ പ്രവർത്തകർ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് സംസാരിച്ചു. നവോദയ പ്രവർത്തകർ നടത്തിയിട്ടുള്ള ഇലക്ഷൻ പ്രവർത്തങ്ങൾക്ക് ജെയ്ക്ക് സി. തോമസ് നന്ദി അറിയിച്ചു.
മുദ്രാവാക്യവിളികളോടെയാണ് സ്ഥാനാർഥിയെ നവോദയ പ്രവർത്തകർ സ്വീകരിച്ചത്. കാലാനുസൃതമായ വികസന പ്രവർത്തനങ്ങൾ പുതുപ്പള്ളിയിൽ നടപ്പാക്കുന്നതിനും, നിലവിലെ വികസന മുരടിപ്പിൽനിന്ന് പുതുപ്പള്ളിയെ രക്ഷപ്പെടുത്താനും ജെയ്ക്ക് സി. തോമസിന്റെ വിജയംകൊണ്ട് സാധ്യമാകുമെന്ന് നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് പറഞ്ഞു. വൈസ് പ്രസിഡന്റ് അബ്ദുല്ല മുല്ലപ്പള്ളി, മലപ്പുറം ജില്ല പ്രവാസി സംഘം സെക്രട്ടറി വി.കെ. റഊഫ്, മദീന ഏരിയ പ്രസിഡന്റ് നിസാർ കരുനാഗപ്പള്ളി, നെഷാദ് വർക്കി, മുഹമ്മദ് മമ്പാട്, നവാസ് വെമ്പായം, നസീബ് മുല്ലപ്പള്ളി, ബഷീർ മമ്പാട്, അബ്ദുസ്സലാം എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹൗസ് കാമ്പയിനിലും സ്വീകരണ പരിപാടിയിലും വിവിധ ജില്ലകളിൽനിന്നുള്ള നവോദയ പ്രവർത്തകർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.