ജിദ്ദ നവോദയ ഇ.കെ. നായനാർ അനുസ്മരണം നടത്തി
text_fieldsജിദ്ദ: ജനമനസ്സുകളിൽ ജീവിച്ചിരിക്കുന്ന ജനകീയ നേതാവാണ് നായനാരെന്ന് ജിദ്ദ നവോദയ അനുസ്മരിച്ചു. ഫിറോസ് മുഴപ്പിലങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. ഇ.കെ. നായനാരെ ഓർക്കാൻ ഒരു പ്രത്യേക ദിവസം വരേണ്ടതില്ലെന്നും മനസ്സിൽ കടന്നെത്തുന്ന സ്മരണയും ഊർജവും പ്രചോദനവുമാണ് അദ്ദേഹമെന്നും ഇ.കെ. നായനാരോളം കേരള ജനത നെഞ്ചേറ്റിയ നേതാക്കൾ അധികം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കഠിനമായ രാഷ്ട്രീയ കാലാവസ്ഥയിൽ ഒഴുക്കിനെതിരെ നീന്തിയ പോരാളിയാണ് ഇ.കെ. നായനാർ. രാഷ്ട്രീയ വ്യക്തിത്വം എന്ന നിലക്കും ഭരണാധികാരി എന്ന നിലക്കും അദ്ദേഹം കേരളത്തിനർപ്പിച്ച സംഭാവനകളുടെ മഹത്വം ഇത്രമേൽ പ്രസക്തമായ മറ്റൊരു കാലം വേറെയില്ല. കോളറയോടും വസൂരിയോടും മല്ലടിച്ച ജനതക്ക് അതിജീവനത്തിന്‍റെ കരുത്തുപകർന്നുനൽകിയ കമ്യൂണിസ്റ്റ് പാരമ്പര്യമാണ് ഇ.കെ. നായനാരുടെ ജീവിതപഥത്തിലെ നിറവെളിച്ചം.
ജന്മിത്വത്തിന് അന്ത്യംകുറിച്ച ഐതിഹാസിക കർഷക പോരാട്ടങ്ങളിൽ കയ്യൂരിലും മൊറാഴയിലും നായനാരുടെ ജ്വലിക്കുന്ന മുദ്രയുണ്ട്. നാലുവർഷത്തെ ജയിൽ ജീവിതവും 11 വർഷംവരെ നീണ്ട ഒളിവുജീവിതവും ഉൾപ്പെട്ട ത്യാഗോജ്വലമായ ഒരു സമരകാലഘട്ടം പിന്നിട്ടാണ് ഇ.കെ. നായനാർ എന്ന കമ്യൂണിസ്റ്റ് പോരാളി ജനകോടികളുടെ ഹൃദയത്തിൽ കുടിയേറിയതെന്നും അനുസ്മരണ സദസ്സ് പങ്കുവെച്ചു. നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം മുഖ്യ പ്രഭാഷണം നടത്തി. ശ്രീകുമാർ സ്വാഗതവും അമീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.