രാജൻ നമ്പ്യാർക്ക് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി
text_fieldsയാംബു: ഒന്നര പതിറ്റാണ്ടത്തെ യാംബു പ്രവാസം മതിയാക്കി മടങ്ങുന്ന തൃശൂർ കേച്ചേരി കൈപ്പറമ്പ് സ്വദേശി വാരിയത്ത് വീട്ടിൽ രാജൻ നമ്പ്യാർക്കും കുടുംബത്തിനും ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. യാംബുവിലെ സോയാബീൻ ക്രഷിങ് കമ്പനിയിൽ സേവനം ചെയ്ത് വിരമിച്ചാണ് രാജൻ നമ്പ്യാർ മടങ്ങുന്നത്. യാംബുവിൽ നവോദയ രൂപവത്കരിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം സംഘടനയുടെ കേന്ദ്ര കമ്മിറ്റിയംഗം, ഏരിയ പ്രസിഡന്റ് തുടങ്ങി പല ഔദ്യോഗിക സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
യാംബു ടൗൺ നോവ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയ പ്രസിഡന്റ് വിനയൻ അധ്യക്ഷത വഹിച്ചു. ജിദ്ദ നവോദയ യാംബു രക്ഷാധികാരി ഗോപി മന്ത്രവാദി, രാജൻ നമ്പ്യാർക്കും ഭാര്യ സരള രാജഗോപാലിനുമുള്ള നവോദയയുടെ ഫലകവും അജോ ജോർജ് ഉപഹാരവും കൈമാറി. ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന രാജൻ നമ്പ്യാർ നവോദയയെ യാംബുവിൽ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങൾ എല്ലാവർക്കും ഏറെ പ്രചോദനമാണെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
നവോദയയുടെ വിവിധ യൂനിറ്റുകളെ പ്രതിനിധാനം ചെയ്ത് ബിഹാസ് കരുവാരക്കുണ്ട്, നൗഷാദ് തായത്ത്, സ്‌കറിയ വർഗീസ്, ശ്രീകാന്ത്, ഷൗക്കത്ത്, സുനിൽ എന്നിവർ ആശംസകൾ നേർന്നു. രാജൻ നമ്പ്യാരും ഭാര്യ സരള ഗോപാലനും നവോദയ നടത്തുന്ന പരിപാടികളിലും കുടുംബസംഗമ സദസ്സുകളിലും സജീവമായിരുന്നെന്നും അവരുടെ മാതൃകകൾ എന്നും സ്മരിക്കപ്പെടുമെന്നും യോഗത്തിൽ സംസാരിച്ചവർ കൂട്ടിച്ചേർത്തു.
രാജൻ നമ്പ്യാർ മറുപടി പ്രസംഗം നടത്തി. യാംബുവിൽ നവോദയയുടെ ഭാഗമാവാൻ കഴിഞ്ഞതിലും ഇന്നത്തെ സംഘടനയുടെ വളർച്ചയിലും ഏറെ സന്തോഷമുണ്ടെന്നും നാട്ടിൽ വിശ്രമജീവിതം നയിക്കുമ്പോഴും രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തുടർന്നും സജീവമാവാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രയയപ്പിനോട് അനുബന്ധിച്ച് കുട്ടികളുടെയും നവോദയ പ്രവർത്തകരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. നവോദയ യാംബു ഏരിയ സെക്രട്ടറി അജോ ജോർജ് സ്വാഗതവും ട്രഷറർ സിബിൾ ഡേവിഡ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.