ജിദ്ദ ഒ.ഐ.സി.സി ഹെൽപ് ഡെസ്ക് മക്രോണയിൽ ആരംഭിച്ചു
text_fieldsജിദ്ദ: ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റിയുടെ കീഴിൽ എട്ടു വർഷത്തോളമായി ശറഫിയയിൽ നടന്നുവരുന്ന ഹെൽപ് ഡെസ്ക്കിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മക്രോണയിലെ ജിദ്ദ നാഷനൽ ആശുപത്രിയിൽ പുതിയ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. എല്ലാ ശനിയാഴ്ചകളിലും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി നിർവഹിച്ചു. ആശുപത്രി ജീവനക്കാരായ മലയാളികൾക്കും കൂടാതെ സമീപ പ്രദേശങ്ങളിലുള്ളവർക്കും നോർക തിരിച്ചറിയൽ കാർഡ് ലഭ്യമാക്കാനും ക്ഷേമനിധിയിൽ ചേരാനും ഹെൽപ് ഡെസ്ക് സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് അർഹമായ പല സഹായങ്ങളും നേടിയെടുക്കാൻ ഒ.ഐ.സി.സി വലിയ സേവനമാണ് നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി റീജനൽ പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ജോലിത്തിരക്കും മറ്റു പ്രയാസങ്ങളും കാരണം സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ പ്രവാസികൾ ഏറെ പിന്നിലാണ്. ഓൺലൈൻ സംവിധാനം പൂർണരീതിയിൽ ഉപയോഗിക്കാനുള്ള പരിജ്ഞാനക്കുറവുകൂടി കണക്കിലെടുത്താണ് ജിദ്ദയുടെ മാറിയ സാഹചര്യത്തിൽ കൂടുതൽ ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നോർക്ക ഐ.ഡി കാർഡ് വിതരണം ജെ.എൻ.എച്ച് ഡയറക്ടർ വി.പി. അലി മുഹമ്മദ് അലിക്ക് നൽകി ഇഖ്ബാൽ പൊക്കുന്നു നിർവഹിച്ചു. ഹെൽപ് ഡെസ്കിലൂടെ സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലകളിലെ ആയിരക്കണക്കിന് മലയാളികൾക്ക് പ്രവാസി തിരിച്ചറിയൽ കാർഡും പ്രവാസി ക്ഷേമനിധിയിൽ അംഗത്വവും എടുപ്പിക്കാനും സാധിച്ചതായി ജനറൽ സെക്രട്ടറിയും ഹെൽപ്ഡെസ്ക് കൺവീനറുമായ നൗഷാദ് അടൂർ അറിയിച്ചു. ക്ഷേമനിധി ഹെൽപ് സെൽ കൺവീനർ നാസിമുദ്ദീൻ മണനാക്, ജെ.എൻ.എച്ച് മാർക്കറ്റിങ് എക്സിക്യൂട്ടിവ് അഷറഫ്, ഒ.ഐ.സി.സി ഭാരവാഹികളായ അലി തേക്കുതോട്, മുജീബ് മൂത്തേടത്ത്, കെ. അബ്ദുൽ കാദർ, ഇർഷാദ് ആലപ്പുഴ, സമീർ നദവി കുറ്റിച്ചൽ, മൻസൂർ വണ്ടൂർ, ടി.കെ. അഷറഫ്, സൈമൺ പത്തനംതിട്ട, സിദ്ദിഖ് ചോക്കാട്, റഫീഖ് മൂസ ഇരിക്കൂർ, എൻ.കെ. സുബ്ഹാൻ, ഉണ്ണികൃഷ്ണൻ പാലക്കാട്, നവാസ് കണ്ണൂർ, ഗഫൂർ പറാഞ്ചേരി എന്നിവർ സംസാരിച്ചു. എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് നാലു മുതൽ എട്ടു വരെയാണ് മക്രോണയിലെ പുതിയ ഹെൽപ് ഡെസ്കിന്റെ പ്രവർത്തനസമയമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.