‘ഇന്ത്യൻ ആൻഡ് സൗദി നൈറ്റ്’; ജിദ്ദയിൽ ഇന്ത്യ-സൗദി കലാസാംസ്കരികോത്സവം
text_fieldsജിദ്ദ: ജിദ്ദ സീസണിന്റെ ഭാഗമായി ഇന്ത്യ-സൗദി കലാ സാംസ്കരികോത്സവം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇരുരാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കും. ‘ഇന്ത്യൻ ആൻഡ് സൗദി നൈറ്റ്’ എന്ന പേരിലാണ് ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റി ഇന്ത്യ-സൗദി കലാ സാംസ്കരികോത്സവം സംഘടിപ്പിക്കുന്നത്. ഇന്ത്യ-സൗദി സംസ്കാരങ്ങൾ പരസ്പരം കൈമാറാനും മനസ്സിലാക്കാനും സഹായകരമാകുന്ന പരിപാടിയിൽ ഇരു രാജ്യങ്ങളിലേയും പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കും.
ജൂലൈ 26ന് വൈകീട്ട് ജിദ്ദ ഇക്വിസ്ട്രിയൻ ക്ലബിലാണ് പരിപാടി. അന്താരാഷ്ട്ര നിലവാരത്തിലൊരുക്കുന്ന കലാ സാംസ്കാരികോത്സവത്തിൽ പ്രശസ്ത റാപ്പ് ഗായകൻ ഡെബ്സി, നികിത ഗാന്ധി, സൽമാൻ അലി എന്നിവർ ഒരുക്കുന്ന സംഗീതപ്പെരുമഴയോടൊപ്പം സഞ്ജിത്ത് ഡാൻസ് ക്രൂ ഒരുക്കുന്ന നൃത്തച്ചുവടകളും ഇന്ത്യൻ-സൗദി നൈറ്റിനെ അവിസ്മരണീയമാക്കും. കൂടാതെ പ്രമുഖ ബോളിവുഡ് നടി ഗൗഹർ അലി ഖാനും പരിപാടിയിൽ സംബന്ധിക്കുമെന്ന് ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റി കമ്യൂണിറ്റി പ്രോഗ്രാം മാനേജർ നൗഷീൻ വസീം ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സുലൈമാൻ ഖുറൈശി, അൽ ബുഹാറ തുടങ്ങിയ പ്രശസ്തരായ സൗദി കലാകാരന്മാരും പങ്കെടുക്കുന്ന പരിപാടിയിൽ മറ്റു നിരവധി ഇന്ത്യൻ-സൗദി കലാരൂപങ്ങളും അരങ്ങേറും. 35 റിയാൽ, 99 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 99 റിയാൽ ടിക്കറ്റെടുക്കുന്നവർക്ക് സീറ്റിലിരുന്ന് പരിപാടി ആസ്വദിക്കാം. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. ടിക്കറ്റ് വിൽപന പ്രഖ്യാപിക്കുന്നതോടെ ‘വീ ബുക്ക്’ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും പ്രശസ്ത ഔട്ട്ലെറ്റുകളിലൂടെയും ടിക്കറ്റുകൾ ലഭിക്കും.
20,000ത്തോളം പേർക്ക് പരിപാടി ആസ്വദിക്കാനാകും വിധമാണ് ക്രമീകരണങ്ങൾ. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇക്വിസ്ട്രിയൻ ക്ലബിലേക്ക് സൗജന്യ ബസ് സർവിസുകളും ഒരുക്കുന്നുണ്ട്. തുടർന്നുള്ള ആഴ്ചകളിൽ മറ്റു ഏഷ്യൻ രാജ്യങ്ങൾക്ക് വേണ്ടിയും സമാനമായ സാംസ്കാരികോത്സവം സംഘടിപ്പിക്കുമെന്ന് നൗഷീൻ വസീം അറിയിച്ചു. ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റി കണ്ടൻറ് മാനേജർ ഫർഹ നാസും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.