‘സിറ്റി വാക്ക്’ വൈവിധ്യമാർന്ന അനുഭവങ്ങളുടെ ലക്ഷ്യസ്ഥാനം; ‘ജിദ്ദ സീസൺ’ വിനോദ ഏരിയകൾ തുറന്നു
text_fieldsജിദ്ദ: ‘വൺസ് എഗെയ്ൻ’ എന്ന തലക്കെട്ടിൽ അരങ്ങേറുന്ന ‘ജിദ്ദ സീസൺ 2024’ലെ പരിപാടികൾക്കായുള്ള ഏരിയകൾ തുറന്നു. തുടക്കത്തിൽ മൂന്ന് ഏരിയകൾ കേന്ദ്രീകരിച്ചാണ് പരിപാടികൾ ആരംഭിച്ചിരിക്കുന്നത്. ‘സിറ്റി വാക്ക്’ ഏരിയ, ‘വാർണർ ബ്രോസ് ഡിസ്കവറി: സെലിബ്രേറ്റ് എവരി സ്റ്റോറി’ ഏരിയ, ‘ഇമാജിൻ മോനെറ്റ്’ ഏരിയ എന്നിവയാണത്. വെള്ളിയാഴ്ച വൈകീട്ടാണ് സിറ്റി വാക്ക് പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ജിദ്ദ സീസൺ 2024ലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണിത്. വൈവിധ്യമാർന്ന അനുഭവങ്ങളുടെ ഒരു അതുല്യമായ സംഗമവേദിയാണത്.
2,80,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സിറ്റിവാക്ക് ഏരിയ ജൂൺ 28 മുതൽ ആഗസ്റ്റ് 17 വരെ സന്ദർശകർക്കായി തുറക്കും. എട്ട് നൂതന ഉപമേഖലകളോട് കൂടിയ സിറ്റി വാക്ക് ഏരിയ ഒമ്പത് സംവേദനാത്മക അനുഭവങ്ങൾ, 30 ലധികം ആക്ഷൻ ഗെയിമുകൾ, 30 ലധികം നൈപുണ്യ, ആർക്കേഡ് ഗെയിമുകൾ, വാട്ടർ ഗെയിമുകൾ, അറബ് നാടകങ്ങളുടെ അവതരണം, 80 ലധികം റസ്റ്റാറൻറുകളും കഫേകളും, 60 ഷോപ്പിങ് സ്റ്റോറുകളും എന്നിവ ഉൾപ്പെടുന്നതാണ്. കൂടാതെ ബബ്ലി ലാൻഡ്, ഹൊറർ വില്ലേജ്, വണ്ടർ വാൾ, മെട്രോപൊളിറ്റൻ, ഫൺ ലാൻഡ്, പാർക്ക് എന്നിവയും അതിലുൾപ്പെടും.
സിറ്റിവാക്കിൽ ‘കൈറോ നൈറ്റ്സ്’, ‘ചൈന ടൗൺ’ എന്നീ രണ്ട് ഏരിയകളുണ്ട്. ഇത് സന്ദർശകർക്ക് വേറിട്ട് അനുഭവം പ്രദാനം ചെയ്യുന്നതാണ്. പരമ്പരാഗത ഭക്ഷണങ്ങളുടെ രുചിയോടുകൂടിയ ആധികാരിക ഈജിപ്ഷ്യൻ അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണ് ‘കൈറോ നൈറ്റ്സ്’. പുരാവസ്തു ലാൻഡ്മാർക്കുകളും വിനോദപരിപാടികളുമൊപ്പം സന്ദർശകരെ പുരാതന ഈജിപ്തിലേക്ക് ഇത് കൊണ്ടുപോകുന്നു. പരമ്പരാഗത ചൈനീസ് ഡിസൈനുകൾ കൊണ്ട് അലങ്കരിച്ച കെട്ടിടങ്ങൾക്കിടയിലാണ് ‘ചൈന ടൗൺ’ ഒരുക്കിയിരിക്കുന്നത്. ഇത് സംവേദനാത്മക, വിനോദ പരിപാടികളിലൂടെ ചൈനയുടെ പുരാതന സംസ്കാരം പര്യവേക്ഷണം ചെയ്യാൻ സന്ദർശകരെ അനുവദിക്കുന്നു.
മറ്റൊന്ന് ‘വാർണർ ബ്രദേഴ്സ് ഡിസ്കവറി: സെലിബ്രേറ്റ് എവരി സ്റ്റോറി’ ഏരിയ ആണ്. ആദ്യമായാണ് സൗദിയിൽ ഇത് ഒരുക്കുന്നത്. ഏറ്റവും പ്രശസ്തമായ അന്തർദേശീയ കഥകളും കഥാപാത്രങ്ങളും ഒരുമിച്ച് കൊണ്ടുവരുന്ന ഗെയിമുകളുടെയും വിനോദ പരിപാടികളുടെയും ഒരു മിശ്രിതം കൊണ്ടാണ് ഏരിയ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ‘ഇമാജിൻ മോനെറ്റ്’ ഏരിയ ആധുനിക സാങ്കേതികവിദ്യകളും നൂതനമായ രൂപകൽപനയും ഉപയോഗിച്ച് അന്താരാഷ്ട്ര കലാകാരൻ ക്ലോഡ് മോനെറ്റിന്റെ ഏറ്റവും പ്രശസ്തമായ 200 പെയിൻറിങ്ങുകളുടെ ഏറ്റവും വലിയ ഇൻട്രാക്ടിവ് എക്സിബിഷൻ ഉൾപ്പെടുന്നതാണ്.
ജിദ്ദ സീസണിലെ മറ്റ് പരിപാടികളിൽ അമീർ മാജിദ് പാർക്ക് ഏരിയയും ഉൾപ്പെടും. ഇവിടെ സ്വകാര്യ മേഖലയുമായി സഹകരിച്ച് അന്താരാഷ്ട്ര സംഗീതക്കച്ചേരികളും മറ്റ് നിരവധി പരിപാടികളും വരും ദിവസങ്ങളിൽ അരങ്ങേറും. ഇതിനുപുറമെ പുതിയ വിനോദ മേഖലകളും തുറസ്സായ സ്ഥലങ്ങളും തുറക്കുന്നതിനും വരുംദിവസങ്ങളിൽ ജിദ്ദ സീസൺ സാക്ഷ്യം വഹിക്കും. ഇൻഡോർ മൃഗശാലയും ചരിത്ര പ്രസിദ്ധമായ ജിദ്ദ അൽബലദ് ഏരിയയും പോലെ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ അതുല്യമായ അനുഭവങ്ങളും രസകരമായ ഗെയിമുകളും പരിപാടികളും നൽകുന്ന ഏരിയകളും സീസണിലുണ്ട്. സന്ദർശകർക്ക് saudievents.sa എന്ന വെബ്സൈറ്റ് അല്ലെങ്കിൽ സൗദി ഇവൻറുകൾ എന്ന ആപ് വഴിയോ ഇവൻറുകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.