‘ജിദ്ദ സീസൺ 2024’ ആഘോഷത്തിന് ഇന്ന് തുടക്കം
text_fieldsജിദ്ദ: ‘2024 ജിദ്ദ സീസൺ’ ആഘോഷ പരിപാടികൾക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. ‘വൺസ് എഗൈൻ’ എന്ന തലക്കെട്ടിലാണ് ഇത്തവണത്തെ സീസൺ പരിപാടികൾ. വിപുലമായ സാംസ്കാരിക, വിനോദ, ടൂറിസം പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ജിദ്ദ വാട്ടർഫ്രണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ‘ആർട്ട് പ്രൊമെനേഡ്’ ഏരിയയിൽ വ്യാഴാഴ്ച രാത്രി 9.30ന് ഉദ്ഘാടന ചടങ്ങ് നടക്കും. വെള്ളിയാഴ്ച മുതലാണ് പരിപാടികൾ ആരംഭിക്കുക. സിറ്റി വാക്ക് ഉൾപ്പെടെ നിരവധി ഏരിയകളിൽ ഇവൻറുകൾ അരങ്ങേറും. ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര ബ്രാൻഡുകൾ അവതരിപ്പിക്കുന്ന ഒരു ഷോപ്പിങ് ഫെസ്റ്റിവൽ ജിദ്ദ സീസണിന്റെ പുതിയ പതിപ്പിൽ ഉൾപ്പെടും.
അനുഭവങ്ങൾ, സാഹസികതകൾ, സംവേദനാത്മക ഗെയിമുകൾ, കലാ-സാംസ്കാരിക പ്രകടനങ്ങൾ തുടങ്ങി അഞ്ച് വിനോദ മേഖലകളിലായി 5000ത്തിലധികം പരിപാടികൾ ഇത്തവണ സീസണിൽ അരങ്ങേറും. ഇമാജിൻ മോനെറ്റിലും അമീർ മജിദ് പാർക്കിലും നിരവധി പരിപാടികളും അന്താരാഷ്ട്ര സംഗീതകച്ചേരികളും അരങ്ങേറും. അതേസമയം ജിദ്ദ സീസൺ പ്രവർത്തനങ്ങളും വിനോദ മേഖലകളും സംബന്ധിച്ച വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് അറിയുന്നതിനായി പ്രത്യേക ടീസർ ബുക്ക്ലെറ്റ് സംഘാടകർ പുറത്തിറക്കി.
ജിദ്ദ നഗരം സാക്ഷ്യം വഹിക്കുന്ന വൈവിധ്യമാർന്ന സംഭവങ്ങളും അനുഭവങ്ങളും ആസ്വദിക്കുന്നതിനായി ഓരോ പ്രദേശത്തിന്റെയും ഓഫറുകളുടെ സ്വഭാവത്തെയുംക്കുറിച്ചുള്ള വിപുലമായ വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതാണിത്. പരിപാടികൾ അരങ്ങേറുന്ന വേദികളെകുറിച്ച് അറിയുന്നതിനും എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ മനസിലാക്കുന്നതിനും ഇത് സഹായിക്കും. സീസൺ വേദികൾ, ഇവൻറുകൾ, എല്ലാ അഭിരുചികൾക്കും പ്രായക്കാർക്കും അനുയോജ്യമായ ഓഫറുകൾ എന്നിവയുടെ സമഗ്രമായ വഴികാട്ടിയായിരിക്കും ഇത്. റസ്റ്റാറൻറുകൾ, കഫേകൾ, മാർക്കറ്റുകൾ, വിവിധ പ്രവർത്തനങ്ങൾ, ഏറ്റവും പ്രമുഖരായ കവികൾ പങ്കെടുക്കുന്ന പരിപാടികൾ, നാടകങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. മെട്രോപൊളിറ്റൻ സിറ്റി, ബബ്ലി ലാൻഡ്, കെയ്റോ നൈറ്റ്സ്, ചൈന ടൗൺ, ഫൺ ലാൻഡ്, തീം പാർക്ക്, ഹൊറർ വില്ലേജ്, വണ്ടർ വാൾ എന്നിവ ഉൾപ്പെടുന്ന സിറ്റി വാക്കിന്റെ മേഖലകളെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ബുക്ക്ലെറ്റിലുണ്ട്. ‘വാർണർ ബ്രോസ് ഡിസ്കവറി: സെലിബ്രേറ്റ് എവരി സ്റ്റോറി’ എന്ന പ്രത്യേക ഏരിയയുമുണ്ട്.
സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഗെയിമുകളും വിനോദ പരിപാടികളും ആസ്വദിക്കുന്നതിനായി സൗദിയിൽ ആദ്യമായാണ് ഇങ്ങനെയൊരു പ്രത്യേക ഏരിയ ഒരുക്കുന്നത്. ഈ വർഷത്തെ ഏറ്റവും പ്രശസ്തമായ കഥകളും കഥാപാത്രങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പരിപാടിയും അതിലുൾപ്പെടുന്നു.‘ഇമാജിൻ മോനെറ്റ്’, അമീർ മജിദ് പാർക്ക് എന്നിവിടങ്ങളിൽ നടക്കുന്ന നിരവധി പരിപാടികളും അന്താരാഷ്ട്ര സംഗീതമേളകളും ബുക്ക്ലെറ്റ് പരിചയപ്പെടുത്തുന്നുണ്ട്. ബുക്ക്ലെറ്റും സീസൺ പ്രവർത്തനങ്ങളും അതിന്റെ സ്ഥലങ്ങളും https://saudievents.sa/tr.html?id=875356 എന്ന ലിങ്ക് വഴികാണാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.