ജിദ്ദ സീസൺ: വിനോദങ്ങൾ ഇനി കളറാകും; 'ജിദ്ദ പിയർ' തുറന്നു
text_fieldsജിദ്ദ: ജിദ്ദ സീസൺ ആഘോഷങ്ങളുടെ ഭാഗമായി ചെങ്കടൽ തീരത്ത് ഒരുക്കിയ ഏറ്റവും വലിയ അമ്യൂസ്മെൻറ് പാർക്ക് 'ജിദ്ദ പിയർ' സന്ദർശകരെ സ്വീകരിച്ചു തുടങ്ങി. ബുധനാഴ്ചയാണ് എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വൈവിധ്യമാർന്ന വിനോദ കേളികളുമായി പാർക്ക് പ്രവർത്തനമാരംഭിച്ചത്. '
ജിദ്ദ പിയറി'ൽ 39ലധികം വ്യത്യസ്ത വിനോദ ഗെയിമുകളും ഏഴ് വൈവിധ്യമാർന്ന അന്താരാഷ്ട്ര വിനോദ പരിപാടികളുമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. റോളർ കോസ്റ്റർ, പാവ് പട്രോൾ ട്രയൽസ്, ലോൽ സർപ്രൈസ്, പിപാ പിഗ് തുടങ്ങി ആവേശകരമായ വിനോദ പരിപാടികൾക്ക് പുറമെ യുവാക്കൾക്കും മുതിർന്നവർക്കും മുഴുവൻ കുടുംബാംഗങ്ങൾക്കും മൊത്തത്തിൽ സന്തോഷവും ആസ്വാദ്യതയും പകരുന്ന നിരവധി പരിപാടികളും ഗെയിമുകളും കേന്ദ്രത്തിലുണ്ട്. ജിദ്ദ സീസണിൽ കൂടുതൽ സന്ദർശകരെത്തുന്ന സ്ഥലങ്ങളിലൊന്നാകും ജിദ്ദ പിയർ എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
കടൽതീരത്ത് വിശാലമായ സ്ഥലത്ത് ഒരുക്കിയ ജിദ്ദ പിയറിൽ 18,000 സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. വർണാഭമായ പൂന്തോട്ടം, അതിനുള്ളിൽ റോസാപ്പൂക്കൾ കൊണ്ട് നിർമിച്ച തുരങ്കം, വിവിധ കളികൾക്കായുള്ള വിശാല സ്ഥലങ്ങൾ, കച്ചവട കേന്ദ്രങ്ങൾ, കഫേകൾ, റസ്റ്റാറൻറുകൾ തുടങ്ങിയവയും ജിദ്ദ പിയറിലുണ്ട്. 'ജിദ്ദ സീസൺ 2022' പരിപാടികൾക്കായി ഒരുക്കിയ ഒമ്പത് സ്ഥലങ്ങളും വിവിധ പരിപാടികളും പുതിയ ആഗോള അനുഭവങ്ങളുമായി സന്ദർശകരെ സ്വീകരിച്ചുവരുകയാണ്.
ജിദ്ദ ബിയർ, ജിദ്ദ ജംഗിൾ, സിറ്റി വാക്ക്, സൂപർഡോം, ഹിസ്റ്റോറിക് ജിദ്ദ, ജിദ്ദ ആർട്ട് പ്രൊമെനേഡ്, സർക്യു ഡു സോലെയിൽ, യാച്ച് ക്ലബ്, പ്രിൻസ് മജിദ് പാർക്ക് എന്നിവിടങ്ങളിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.