ജിദ്ദയുടെ ഹൃദയമായ റുവൈസ് അടിമുടി മാറുന്നു: പദ്ധതികൾക്ക് തുടക്കമായി
text_fieldsജിദ്ദ: ചെങ്കടൽ തീരത്തെ ജിദ്ദ നഗരത്തിെൻറ ഹൃദയഭാഗമായ റുവൈസിെൻറ മുഖച്ഛായ മാറ്റുന്ന പദ്ധതികൾക്ക് തുടക്കമായി. കടലിനോട് ചേര്‍ന്ന് കിടക്കുന്ന ഇൗ പൗരാണിക മേഖലയെ ഉടച്ചുവാർക്കുകയാണ്. 1960കളില്‍ നിര്‍മിച്ച ഷാബി വില്ലകൾ ഉൾപ്പെടെ പൗരാണിക കെട്ടിടങ്ങളുടെ പൊളിക്കല്‍ നടപടികള്‍ തകൃതിയായി നടക്കുന്നു.
ബലദ്, നുസ്ല, ബനീ മാലിക് എന്നിവയോടൊപ്പം വളരെ കാലപ്പഴക്കമുള്ള പ്രവിശ്യയാണ് റുവൈസ്. വർഷങ്ങളായി ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന അമേരിക്കന്‍ കോൺസുലേറ്റ് അടുത്തിടെയാണ് മറ്റൊരു ഭാഗത്തേക്ക് മാറ്റിയത്. ജിദ്ദ ഭൂപ്രദേശത്തിെൻറ ഏതാണ്ട് ഒത്ത നടുവിലാണ് റുവൈസ് സ്ഥിതി ചെയ്യുന്നത്. 7,94,400 ചതുരശ്ര മീറ്റര്‍ ചുറ്റളവിൽ സമചതുരത്തിലാണ് റുവൈസ് പ്രദേശത്തിെൻറ കിടപ്പ്. അതിർത്തിയായി നാല് പ്രധാന റോഡുകളാണ് റുവൈസിന് ചുറ്റുമുള്ളത്. പടിഞ്ഞാറ് അൽഅന്ദുലസ് റോഡ്, വടക്ക് ഫലസ്തീന് റോഡ്, കിഴക്ക് മദീന റോഡ്, തെക്ക് കിങ് അബ്ദുല്ല റോഡ്. ജിദ്ദയിലെ ഏറ്റവും വലിയ ആശുപത്രിയായ ഇൻറർനാഷനൽ മെഡിക്കൽ സെൻറർ ഇവിടെയാണ് പ്രവർത്തിക്കുന്നത്. മദീന റോഡിനോട് ചേർന്ന് പുതുതായി ആരംഭിക്കുന്ന ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിെൻറ നിർമാണം പുരോഗമിക്കുന്നു. ഡിസംബര്‍ അവസാനത്തോടുകൂടി ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു കെട്ടിടങ്ങള്‍ നഗരവത്കരണത്തിെൻറ ഭാഗമായി മോടിപിടിപ്പിച്ച് കൊണ്ടിരിക്കുന്നു. മദീന റോഡിന് ഇരുവശങ്ങളും ടൈല്‍സ് പതിപ്പിക്കുന്ന പണിയും പുരോഗമിക്കുന്നു.
താമസ സൗകര്യവും വ്യാപാര സമുച്ചയവും ഒന്നിച്ചുള്ള നഗരമായിരിക്കും ഇവിടെ ഉയർന്നുവരുക. മലയാളികള്‍ ജിദ്ദയില്‍ പ്രവാസം ആരംഭിച്ച കാലം മുതല്‍തന്നെ റുവൈസില്‍ താമസമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്നും നിരവധി മലയാളികള്‍ കുടുംബത്തോടൊപ്പവും അല്ലാതെയും റുവൈസില്‍ താമസിക്കുകയും ജോലി ചെയ്തു വരുകയും ചെയ്യുന്നുണ്ട്. റുവൈസിലെ ആദ്യകാല താമസക്കാര്‍ മത്സ്യത്തൊഴിലാളികളും നാവികരുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. നിരവധി മലയാളികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ജിദ്ദയിലെ ഏറ്റവും വലിയ ശ്മശാനങ്ങളിലൊന്നുള്ളതും റുവൈസിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.