രാജഹംസങ്ങളുടെ വിരുന്നിന് സന്ദർശകത്തിരക്ക്
text_fieldsയാംബു: ചെങ്കടലിൽ നിഴൽ ചിത്രങ്ങൾ വരച്ച് പറന്നുല്ലസിക്കുന്ന പക്ഷിക്കൂട്ടങ്ങളുടെ അപൂർവ കാഴ്ചയാണ് സൗദിയുടെ തെക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണമായ ജീസാനിലെ കടലോരങ്ങളിൽ. രാജ്യത്തെ പ്രധാന പക്ഷിസങ്കേതങ്ങളിലൊന്നാണ് ജീസാൻ കടൽതീരങ്ങളോട് ചേർന്നുള്ള കണ്ടൽകാടുകൾ. രാജഹംസമെന്നു പേരുള്ള ഫ്ലമിംഗോ പക്ഷികളുടെ വിസ്മയകരമായ സംഗമസ്ഥലമാണിവിടം. തണുപ്പ് കാലത്ത് ആയിരക്കണക്കിന് രാജഹംസങ്ങളുടെ സാന്നിധ്യം ഒരേ സമയത്ത് തന്നെ ഇവിടെ കാണാൻ കഴിയുന്നു. മഞ്ഞുകാലത്തിെൻറ ആഗമനമറിയിച്ച് വിവിധ തരം ദേശാടനപക്ഷികളും ഇവിടെ വിരുന്നെത്തുന്ന കാഴ്ച കാണാം. പക്ഷിക്കാഴ്ച ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമായി അനേകം പേരാണ് ദിനംപ്രതി ഇവിടം സന്ദർശിക്കുന്നത്. വിവിധയിനം കൊറ്റികൾ, വർണ കൊക്ക്, പെലിക്കൻ, മൈന, കടൽ കാക്കകൾ തുടങ്ങിയവയുടെ ഇവിടെ നയനാനന്ദകാഴ്ചയാണ് ഒരുക്കുന്നത്. സന്ധ്യയാകുന്നതോടെ കടലോരങ്ങളിലെ കണ്ടൽ കാടുകളിൽ ഇവ ചേക്കേറാൻ കൂട്ടമായി പോകുന്ന കാഴ്ച്ചയും മനോഹരമാണ്.
അപൂർവ പക്ഷികളുടെ അത്ഭുത പ്രപഞ്ചമായി ജീസാൻ മാറുകയാണ്. ഇവിടുത്തെ ഹരിതാഭമായ തുരുത്തുകൾ പറവകൾക്ക് വേണ്ട ആവാസ വ്യവസ്ഥയൊരുക്കുന്നു. ഡിസംബർ, ജനുവരി മാസങ്ങളിൽ യമൻ, ഇറാൻ, യൂറോപ്, ആഫ്രിക്ക തുടങ്ങിയ വിദൂരദേശങ്ങളിലെ വനമേഖലകളിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ ദൂരം താണ്ടി ധാരാളം ദേശാടന പക്ഷികൾ ഇവിടെ എത്തുന്നത് പതിവാണ്. അറുപതിലധികം ഇനത്തിൽപെട്ട ദേശാടന കിളികൾ ജീസാൻ കടലോരങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജഹംസങ്ങൾ കൂടിനിൽക്കുന്ന കാഴ്ച്ചയാണ് ജീസാൻ കടൽതീരത്തെ മുഖ്യ ആകർഷണമെന്ന് ജീസാൻ യൂനിവേഴ്‌സിറ്റി ബയോളജി വിഭാഗം അസോസിയേറ്റ് പ്രഫസറും പക്ഷി നിരീക്ഷകനും മലയാളിയുമായ ഡോ. മഖ്ബൂൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഫ്ലമിംഗോകളുടെ ആവാസ വ്യവസ്ഥക്കിണങ്ങുന്ന പ്രദേശമാണ് ജീസാൻ കടലോരപ്രദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശൈത്യകാലം വന്നാൽ വിവിധ പ്രദേശങ്ങളിൽനിന്ന് നൂറു കണക്കിന് പക്ഷികളാണ് ജീസാനിലെ ചതുപ്പ് നിലങ്ങളിൽ വിരുന്നെത്തുന്നത്. കഠിനമായ ഉഷ്ണകാലത്ത് ഫ്ലമിംഗോകൾ ഇവിടെനിന്ന് കൂടുമാറുന്ന പതിവുമുണ്ട്. വലിയ കാലുകൾ, പിങ്ക് കലർന്ന തൂവലുകളാൽ നിറഞ്ഞ ശരീരം, ഉയരം കൂടിയ കഴുത്ത് എന്നിവ കൊണ്ട് കാഴ്ചക്ക് രാജകീയ അഴകുപകരുന്ന രാജഹംസങ്ങൾ കൂട്ടമായെത്തുമ്പോൾ അവയെ കണ്ടാസ്വാദിക്കാൻ സന്ദർശകരും കൂട്ടമായെത്തുന്നു.
നീരൊഴുക്ക് കുറഞ്ഞ തീരങ്ങളിലും ചതുപ്പു നിലങ്ങളിലും കൂട്ടമായി എത്തിയ ശേഷം നീളമേറിയ കാലുകൾ ചെളിയിലുറപ്പിച്ച് വളഞ്ഞ വലിയ കൊക്കുകൾ വെള്ളത്തിൽ ആഴ്ത്തി ഭക്ഷണം തിരഞ്ഞു നിൽക്കുന്നത് ചേതോഹരമായ കാഴ്ചയാണ്. കൂട്ടമായി പറന്നുവരുന്ന കാഴ്ചയും വളരെ മനോഹരമാണ്. ചളിയിലുള്ള ആൽഗകളും ചെറുജീവികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.