സമസ്ത ആദർശവിശുദ്ധിയുള്ള പ്രസ്ഥാനം - ജിഫ്‍രി മുത്തുക്കോയ തങ്ങൾ
text_fieldsജിദ്ദ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആദർശ വിശുദ്ധിയുള്ള പ്രസ്ഥാനമാണെന്നും പൂർവികരായ മഹാന്മാർ കാണിച്ചുതന്ന പാതയിലൂടെയാണ് അത് മുന്നോട്ടുപോകുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്‍രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി നടത്തുന്ന ദ്വൈമാസ കാമ്പയിനിന്റെ ഭാഗമായി എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തകസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇസ്‌ലാമിക പ്രബോധനത്തിന് തുടക്കം കുറിച്ചത് സ്വഹാബാക്കളായിരുന്നു. അവരുടെ ആദർശവിശുദ്ധിയും മാന്യമായ ഇടപെടലുകളുമാണ് ആളുകളെ ഇസ്‌ലാമിലേക്ക് ആകർഷിച്ചത്. സ്വഹാബാക്കളും മുൻഗാമികളും കാണിച്ചുതന്ന പാതയാണ് സമസ്ത പിന്തുടരുന്നത്. ഇസ്‌ലാമിക ശരീഅത് സംരക്ഷിക്കുകയും അത് വ്യവസ്ഥാപിത മാർഗത്തിൽ പ്രബോധനം നടത്തുകയും ചെയ്യുക എന്നത് സമസ്തയുടെ പ്രധാന പ്രവർത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ, ജിദ്ദ ചെയർമാൻ നജ്മുദ്ദീൻ ഹുദവി, ഉസ്മാൻ അൽ അമൂദി, സ്വാലിഹ് അൽ മലൈബാരി, അബ്ദുസ്സമദ് പൂക്കോട്ടൂർ, സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിൻകുട്ടി മാസ്റ്റർ, ഒ.കെ.എം മൗലവി തുടങ്ങിയവർ സംസാരിച്ചു. എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി, ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി, ജിദ്ദ സാദാത്ത് കൂട്ടായ്മ, ദാരിമീസ് അസോസിയേഷൻ എന്നിവർ ജിഫ്‍രി തങ്ങളെ ഷാൾ അണിയിച്ച് ആദരിച്ചു. സ്തുത്യർഹമായ സേവനം ചെയ്യുന്ന ജിദ്ദ എസ്.ഐ.സി സിയാറ ആൻഡ് ടൂർ വിങ്ങിനുള്ള ഉപഹാരം ജിഫ്‍രി തങ്ങൾ സമ്മാനിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതവും സൈനുദ്ധീൻ ഫൈസി പൊന്മള നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.