എ.ആർ.എം’ സിനിമയിലെ റോൾ ജിതിൻ ലാൽ എനിക്ക് തന്ന വാക്ക് -സുരഭി ലക്ഷ്മി
text_fieldsറിയാദ്: വാക്കാണ് സത്യം എന്നതാണ് ‘എന്ന് നിന്റെ മൊയ്തീൻ’ എന്ന സിനിമയുടെ കാതൽ. അതിന്റെ സെറ്റിൽ വെച്ച് എനിക്ക് കിട്ടിയ വാക്കാണ് ജിതിൻ ലാൽ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ സിനിമയിൽ എനിക്കൊരു റോൾ തരുമെന്നത്.
ആ വാക്ക് പാലിക്കപ്പെട്ടതാണ് ‘അജയന്റെ രണ്ടാം മോഷണം’ (എ.ആർ.എം) എന്ന സിനിമയിലെ തന്റെ റോളെന്ന് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും പ്രശസ്ത നടിയുമായ സുരഭിലക്ഷ്മി. വ്യാഴാഴ്ച ലോകവ്യാപകമായി പ്രദർശനത്തിനെത്തിയ സിനിമയിൽ രണ്ട് റോളുകളിൽ താനെത്തിയ കഥ ‘ഗൾഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സുരഭി ലക്ഷ്മി വെളിപ്പെടുത്തിയത്.
എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമ ചെയ്തുകൊണ്ടിരുന്ന സമയത്ത് അതിൽ അസി.ഡയറക്ടറായിരുന്നു ജിതിൻ ലാൽ. ഭയങ്കര സ്മാർട്ടായിട്ടുള്ള പയ്യനാണ്. നായികയായ പാർവതിയുടെ കാഞ്ചന മാലക്ക് ഒരു മൊന്തയിൽ കത്ത് ഒളിപ്പിച്ചുകൊണ്ടുകൊടുക്കുന്ന, ‘കാത്തിരുന്നു’ എന്ന പാട്ടിലുള്ള സീൻ ഷൂട്ട് ചെയ്യുന്ന സമയം.
ഒരു സ്റ്റെയർകേസ് ഇങ്ങനെ കയറിപ്പോകുന്ന സമയത്ത് അവിടെ ഫ്രെയിമിലേക്ക് ആളുകൾ വരാതിരിക്കാൻ അവരെ തടയാൻ നിർത്തിയിരിക്കുകയാണ് ജിതിൻ ലാലിനെ.
അപ്പോൾ ഞാൻ വെറുതെ ചാൻസ് ചോദിക്കുന്നതിന്റെ ഭാഗമായിട്ട് ‘എടാ നീയൊക്കെ സിനിമ ചെയ്യുേമ്പാൾ എന്നെയൊക്കെ വിളിക്കോ, അപ്പോഴേക്കും ഞാൻ വയസ്സായി പോകുമോ’ എന്ന് ചോദിച്ചു. ‘ഹേയ് ഇല്ലില്ല, എന്തായാലും നിങ്ങളെ വിളിക്കും’ എന്ന് അവൻ അപ്പോൾ തന്നെ മറുപടിയും പറഞ്ഞു.
ആ സിനിമയുടെ ഒരു തീം തന്നെ വാക്കാണ് ഏറ്റവും വലിയ സത്യമെന്നതാണ്. അത് ജിതിൻ പാലിച്ചു. അത് വെറുതെയായിട്ടൊന്നുമല്ല പാലിച്ചത്. നായകനായ ടൊവിനോയുടെ ജോഡിയായിട്ടാണ് ജിതിൻ എന്നെ പരിഗണിച്ചത്. അത് മാത്രമല്ല അവൻ വാക്ക് പാലിച്ചത് ഇരട്ടി മധുരം തന്നുകൊണ്ടാണ്.
രണ്ട് റോളുകളാണ് എനിക്ക് ഈ സിനിമയിൽ തന്നത്. അതെല്ലാം എനിക്ക് വലിയ സന്തോഷം തന്നു. ടൊവിനോയുടെ നായികയായി പരിഗണിച്ചതും ഇരട്ട റോൾ തന്നതും മാത്രമല്ല എപ്പോഴൊ ഒരിക്കൽ തികച്ചും അവിചാരിതമായി പറഞ്ഞുപോയ ഒരു വക്ക് എത്ര കൃത്യമായി ഓർത്തെടുത്താണ് ജിതിൻ പാലിച്ചതെന്ന് ഓർക്കുേമ്പാൾ വിസ്മയവും തോന്നുന്നുണ്ട്.
ഒരു അഭിനേതാവ് എന്ന നിലയിൽ വളരെ ചലഞ്ചിങ്ങായിട്ടുള്ള റോൾ തന്നെയാണ് എ.ആർ.എമ്മിൽ എനിക്ക് കിട്ടിയത്. രണ്ട് പ്രായത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം കൂടിയാണ് കിട്ടിയത്. യഥാർഥത്തിൽ സിനിമയിൽ ടൊവിനോക്ക് മൊത്തം മൂന്ന് നായികമാരുണ്ട്. പക്ഷേ ആ മൂന്നുപേരിൽ കുറച്ചുകൂടി പ്രാധാന്യമുള്ള കഥാപാത്രമെന്ന നിലയിൽ പെർഫോം ചെയ്യാനുള്ള സ്പേസ് ആണ് എനിക്ക് കിട്ടിയത്.
എം.ടിയുടെ ഒമ്പത് ചെറുകഥകളെ ആസ്പദമാക്കിയ ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിൽ അവസരം കിട്ടിയത് അഭിമാനമാണ്. എം.ടി സാറിന്റെ കഥയിൽ അഭിനയിക്കുക എന്നത് വലിയ കാര്യമല്ലേ? ഏതൊരു ആർട്ടിസ്റ്റിനെ സംബന്ധിച്ചും അത് വലിയ കാര്യമാണല്ലോ.
അങ്ങനെയൊരു അവസരമാണ് ‘മനോരഥങ്ങളി’ൽ കിട്ടിയത്. ഓളവും തീരവും, സ്വർഗം തുറക്കുന്ന സമയം എന്നീ സിനിമകളിലാണ് അഭിനയിച്ചത്. ഓളവും തീരവും സിനിമയിൽ മോഹൻലാലിന്റെ അമ്മായിയമ്മയായാണ് വേഷമിട്ടത്.
കാലടി സർവകലാശാലയിൽ തിയറ്റർ ആർട്സിൽ ഗവേഷണം തുടരുകയാണ്. പക്ഷേ പ്രബന്ധം പൂർത്തിയാക്കാനായിട്ടില്ല. എന്തായാലും അത് പൂർത്തിയാക്കണം. ഡോക്ടറേറ്റ് നേടണം. പറഞ്ഞ് പറഞ്ഞ് ഇപ്പോൾ എല്ലാവരും അതെക്കുറിച്ച് ചോദിക്കുന്നുണ്ടെന്നും സുരഭി ലക്ഷ്മി പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.