ജിസാനിലെ ബീഷ് മേഖലയിൽ മുഴുസമയ കർഫ്യു
text_fieldsജിദ്ദ: ജിസാൻ പ്രവിശ്യയിലെ ബീഷ് മേഖലയിൽ മുഴുസമയ കർഫ്യു ഏർപ്പെടുത്തി. മെയ് 12 ചൊവ്വാഴ്ച മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബീഷ് മേഖലയിൽ മുഴുസമയ കർഫ്യുയായിരിക്കുമെന്നും മേഖലയിലേക്ക് ആളുകൾ പ്രവേശിക്കുന്നതും അവിടെന്ന് പുറത്തേക്ക് പോകുന്നതും തടയുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ആരോഗ്യ അധികൃതരുടെ ശിപാശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കർഫ്യു വേളയിൽ നേരത്തെ ഇളവ് നൽകിയതും പ്രവർത്തനം അനിവാര്യവുമായ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കെ പ്രവർത്താനുമതി ഉണ്ടാകൂ. ചികിത്സ, ഭക്ഷണം പോലുള്ള അനിവാര്യഘട്ടങ്ങളിൽ മാത്രമേ പ്രദേശവാസികളെ പുറത്തിറങ്ങാൻ അനുവദിക്കൂ. താമസ ഏരിയകളിലുള്ളവർക്ക് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം വരെ അടിയന്തിരാവശ്യങ്ങൾക്ക് പുറത്തിറങ്ങാം.
വാഹനത്തിനുള്ളിൽ ഡ്രൈവർക്ക് പുറമെ ഒരാൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. കൂടിചേരൽ കഴിയുന്നത്ര ഒഴിവാക്കാനാണിത്. ആരോഗ്യ സ്ഥാപനങ്ങൾ, മെഡിക്കൽ ഷാപ്പുകൾ, ബക്കാലകൾ, പെട്രോൾ പമ്പുകൾ, ഗ്യാസ് സ്റ്റേഷനുകൾ, ബാങിങ് സേവനങ്ങൾ, മെയിൻറനൻറ് റിപ്പയറിങ് ജോലികൾ, എയർ കണ്ടീഷനിങ്, വൈദ്യുതി, പ്ലമ്പിങ് സേവനങ്ങൾ, ജല ടാങ്കൾ ലോറികൾ എന്നിവ ഒഴികെ എല്ലാത്തരം വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും തടയും.
അനിവാര്യഘട്ടങ്ങളിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർ മുതിർന്നവരാകണമെന്നും ഉണർത്തിയിട്ടുണ്ട്. കുട്ടികളിലെ രോഗ പകർച്ച തടയുന്നതിനാണിത്. ഭക്ഷണങ്ങൾക്കും മരുന്നുകൾക്കും ഹോം ഡെലിവലി സ്മാർട്ട് സേവനങ്ങൾ ഉപയോഗപ്പെടുത്തണം. ഇൗ മുൻകരുതൽ നടപടികളെല്ലാം പൊതു ജനാരോഗ്യം സംരക്ഷിക്കുന്നതിനും കോവിഡ് വ്യാപനം തടയാനും ഗവൺമെൻറ് നടത്തി കൊണ്ടിരുന്ന ശ്രമങ്ങളാണ്. തീരുമാനം നിരന്തര വിലയിരുത്തലിന് വിധയമാണ്. മുഴുവനാളും നിർദേശങ്ങൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയങ്ങൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.