വിദഗ്ധ തൊഴിലാളികൾക്ക് തൊഴിൽപരീക്ഷ; മൂന്നാംഘട്ടം ആരംഭിച്ചു
text_fieldsജിദ്ദ: സൗദിയിൽ വിദഗ്ധ തൊഴിലാളികൾക്കുള്ള പരീക്ഷയുടെ മൂന്നാംഘട്ടം ആരംഭിച്ചു. വിദഗ്ധ തൊഴിലുകളിലേർപ്പെടുന്നവർക്ക് അവ നിർവഹിക്കാൻ ആവശ്യമായ േയാഗ്യതയും പരിജ്ഞാനവും ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിനുള്ള തൊഴിൽ നൈപുണ്യ പരീക്ഷയാണിത്. മൂന്നാംഘട്ടത്തിൽ 50 മുതൽ 499വരെ തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് പരീക്ഷ. ആദ്യ രണ്ട് ഘട്ടങ്ങളിൽ ഇതിൽ കൂടുതൽ ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കായിരുന്നു പരീക്ഷ. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 34 പരീക്ഷാകേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. 23 സ്പെഷലൈസേഷനുകളിലെ 1099 തസ്തികകളാണ് പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ എട്ട് സ്പെഷലൈസേഷനുകളിലെ 205 ജോലികളിലാണ് പരീക്ഷ നടത്തിയത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് സൗദി മാനവ വിഭവശേഷി മന്ത്രാലയം തൊഴിൽപരീക്ഷ ആരംഭിച്ചത്. അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി സൗദി തൊഴിൽവിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സേവനഗുണനിലവാരം ഉയർത്തുന്നതിനും വിപണിയിൽ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും പ്രഫഷനൽ മാനവ വിഭവശേഷി വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരീക്ഷ ഏർപ്പെടുത്തിയത്. സൗദിയിലേക്ക് വരുന്നതിനുമുമ്പും േശഷവും എന്നിങ്ങനെ രണ്ട് രീതിയിലാണ് പരീക്ഷ നടത്തുന്നത്. വിദേശ രാജ്യങ്ങളിലെ അന്താരാഷ്ട്ര പ്രഫഷനൽ പരീക്ഷാകേന്ദ്രവുമായി സഹകരിച്ചാണ് സൗദിയിലേക്ക് വരുന്നതിന് മുമ്പുള്ള പരീക്ഷ നടത്തുന്നത്. സൗദിയിലുള്ളവർക്ക് പ്രാദേശിക പരീക്ഷാകേന്ദ്രങ്ങളുടെ സഹായത്തോടെയും. തുടക്കത്തിൽ ഇലക്ട്രിക്, പ്ലംബിങ് ജോലികളിലാണ് പരീക്ഷ ആരംഭിച്ചത്. പിന്നീട് എയർ കണ്ടീഷനിങ്, വെൽഡിങ്, ബിൽഡിങ് കാർപെൻററി, കാർ മെക്കാനിക്, ആട്ടോ ഇലക്ട്രിക്കൽ, പെയിൻറിങ് എന്നീ ആറ് ജോലികൾ കൂടി പദ്ധതിയിലേക്ക് ചേർക്കുകയുണ്ടായി. അഞ്ച് ഘട്ടങ്ങളിലായി നടത്താൻ നിശ്ചയിച്ച പരീക്ഷയുടെ മൂന്നാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ജൂലൈയിൽ ആരംഭിച്ച ആദ്യഘട്ടം 3000ത്തിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളിലായിരുന്നു. സെപ്റ്റംബറിൽ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ 500 മുതൽ 2999 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഉൾപ്പെടുത്തിയത്. നവംബറിൽ ആരംഭിക്കുന്ന നാലാം ഘട്ടത്തിൽ ആറ് മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ഉൾപ്പെടും. അഞ്ചാംഘട്ടം ജനുവരിയിൽ ആരംഭിക്കും. ഒന്നു മുതൽ അഞ്ച് വരെ തൊഴിലാളികൾ ഇതിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.