സൗദിയിലെ തൊഴിൽ സാഹചര്യം; തൊഴിലാളികളുടെ മരണനിരക്ക് വർധിക്കുന്നതായ പ്രചാരണം നിഷേധിച്ച് അധികൃതർ
text_fieldsറിയാദ്: സൗദി അറേബ്യയിൽ തൊഴിൽ സാഹചര്യങ്ങളുടെ ഫലമായി തൊഴിലാളികളുടെ മരണങ്ങൾ വർധിക്കുന്നതായ പ്രചാരണം തൊഴിൽസുരക്ഷ ആരോഗ്യ കൗൺസിൽ അധികൃതർ നിഷേധിച്ചു. മരണനിരക്ക് ഒരു ലക്ഷം തൊഴിലാളികൾക്ക് 1.12 എന്ന അനുപാതമാണെന്ന് തൊഴിൽ ആരോഗ്യ വിഭാഗം അധികൃതർ സ്ഥിരീകരിച്ചു.
രാജ്യത്തെ തൊഴിൽ സാഹചര്യങ്ങൾ കാരണം തൊഴിലാളികളുടെ മരണനിരക്ക് വർധിക്കുന്നതിനെക്കുറിച്ച് നിരവധി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തെറ്റായ പ്രചാരണമുണ്ട്.
അത്തരം ആരോപണങ്ങളും പ്രചരിക്കുന്ന വിവരങ്ങളും വിശ്വസനീയമായ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും കൗൺസിൽ സ്ഥിരീകരിച്ചു. ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ) വെബ്സൈറ്റ് പ്രകാരം സൗദിയിലെ തൊഴിൽ സാഹചര്യങ്ങൾ മൂലമുള്ള മരണനിരക്ക് ഒരു ലക്ഷം തൊഴിലാളികളിൽ 1.12 മാത്രമാണ്.
ഇതാകട്ടെ തൊഴിൽ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളുടെ ഏറ്റവും കുറഞ്ഞ ആഗോള നിരക്കുകളിലൊന്നാണ്. തൊഴിൽ സുരക്ഷയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും ദേശീയതലത്തിൽ തൊഴിൽ അപകടങ്ങളും പരിക്കുകളും കുറക്കുന്നതിലും സൗദി മികച്ച മുന്നേറ്റം നടത്തുകയും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തതായി അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസ്ക് ആൻഡ് സേഫ്റ്റി മാനേജ്മെന്റ്, ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ എന്നിവയിൽ നിന്നുള്ള സമാന പ്രശംസകൾക്ക് പുറമേയാണിതെന്നും കൗൺസിൽ പറഞ്ഞു.
രാജ്യത്ത് നിലവിലുള്ള എല്ലാ സംവിധാനങ്ങളിലും ചട്ടങ്ങളിലും തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും അടിസ്ഥാന മുൻഗണനകളിലൊന്നാണ്. അതിൽ ‘വിഷൻ 2030’ സംരംഭങ്ങളും ഉൾപ്പെടുന്നു.
അത് മനുഷ്യനെ അതിന്റെ എല്ലാ വികസന പരിപാടികളുടെയും പദ്ധതികളുടെയും ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ‘തൊഴിൽ സുരക്ഷയ്ക്കും ആരോഗ്യത്തിനും വേണ്ടിയുള്ള നാഷനൽ സ്ട്രാറ്റജിക് പ്രോഗ്രാം ഇനിഷ്യേറ്റീവ്’ 2017-ൽ അംഗീകരിച്ച വിഷൻ സംരംഭങ്ങളിലൊന്നാണ്. ജോലിസ്ഥലത്തെ തൊഴിൽ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട സംവിധാനങ്ങളും നിയമങ്ങളും നിയമനിർമാണങ്ങളും അവലോകനം ചെയ്യാനും വികസിപ്പിക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.
എല്ലാ ജീവനക്കാർക്കും ആവശ്യമായ ആരോഗ്യം, പ്രതിരോധം, ചികിത്സാ പരിചരണം എന്നിവ നൽകുന്ന സമഗ്രമായ മെഡിക്കൽ ഇൻഷുറൻസ് നൽകാൻ തൊഴിലുടമയെ ബാധ്യസ്ഥനാക്കുന്ന സൗദി തൊഴിൽ നിയമം ഉറപ്പുനൽകുന്നുവെന്നതിന് പുറമെയാണിത്. വിവരങ്ങളും ഡാറ്റയും കൈമാറുന്നതിലും അവ വിശ്വസനീയമായ ഉറവിടങ്ങളിൽനിന്ന് നേടുന്നതിലും കൃത്യത വേണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.