സൗദിയിൽ മാളുകളിലെ ജോലിയും സ്വദേശിവത്കരിക്കും
text_fieldsജിദ്ദ: സൗദിയിലെ മാളുകളിലെ (കച്ചവട കോംപ്ലക്സ്) എല്ലാ ജോലികളും സ്വദേശിവത്കരിക്കും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി ആണ് ഇത് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. മാളുകളിലെ ജോലിക്ക് പുറമെ മാളുകളുടെ അഡ്മിനിസ്ട്രേഷൻ ഒാഫിസുകളിലെ ജോലിയും സ്വദേശികൾക്ക് മാത്രമായിരിക്കും. കോംപ്ലക്സിനകത്തെ പരിമിതമായ തൊഴിൽമേഖലയും ജോലിയും ഒഴിവാക്കി.
റസ്റ്റാറൻറുകളിലും കഫേകളിലെയും ഭക്ഷ്യവിതരണ മാർക്കറ്റ് ഒൗട്ട്ലറ്റുകളിലെയും സ്വദേശിവത്കരണ അനുപാതം വർധിപ്പിക്കും. തീരുമാനത്തിനൊപ്പം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കും ആവശ്യകതക്കുമനുസരിച്ചായിരിക്കും ഇവ രണ്ടും നടപ്പാക്കുക. ആഗസ്റ്റ് നാലുമുതലാണ് പ്രാബല്യത്തിൽ വരുന്നത്. സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും 51,000 തൊഴിലവസരം ഉണ്ടാക്കാമെന്നാണ് പ്രതീക്ഷ.
വാണിജ്യകേന്ദ്രങ്ങൾ തീരുമാനങ്ങൾ പാലിക്കേണ്ടതിെൻറ പ്രാധാന്യവും ആവശ്യകതയും മന്ത്രാലയം ഉൗന്നിപ്പറഞ്ഞു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടിയുണ്ടാകും. രണ്ടുതരം കുറ്റങ്ങൾക്കായിരിക്കും ശിക്ഷ. ഒന്ന് സ്വദേശികൾക്ക് നിശ്ചയിച്ച ജോലികളിൽ വിദേശികളെ ജോലിക്ക് നിശ്ചയിച്ചതിനും മറ്റൊന്ന് സ്വദേശിവത്കരണ അനുപാതം പാലിക്കാത്തതിനും. തീരുമാനം സംബന്ധിച്ച വിശദ വിവരങ്ങളറിയാൻ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് സന്ദർശിക്കണമെന്ന് തൊഴിലുടമകളോട് നിർദേശിച്ചിട്ടുണ്ട്.
മാളുകളിലെ ജോലികൾ സ്വദേശിവത്കരിച്ചുള്ള തീരുമാനം സംബന്ധിച്ച മാർഗനിർദേശങ്ങൾ മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കി. തീരുമാനം നടപ്പാക്കുന്ന തീയതി, തീരുമാനം ലക്ഷ്യമിട്ട തൊഴിൽ മേഖല, തൊഴിലുകൾ, ഒഴിവാക്കിയ ജോലികൾ, അനുപാതം എന്നിവ അതിൽ വിശദമാക്കിയിട്ടുണ്ട്.
മാളുകളിലെ ചില മേഖലകളെയും തൊഴിലുകളെയും ഇതിൽനിന്നൊഴിവാക്കിയിട്ടുണ്ട്. ക്ലീനിങ്, ലോഡിങ് ആൻഡ് അൺലോഡിങ്, ടോയ്സ് റിപ്പയറിങ് ടെക്നീഷ്യൻ, ബാർബർ എന്നീ ജോലികളെയാണ് നൂറു ശതമാനം സ്വദേശിവത്കരണ തീരുമാനത്തിൽനിന്ന് ഒഴിവാക്കിയത്. ഇതിന് പുറമെ ചില ജോലികളിലെ സ്വദേശിവത്കരണ അനുപാതത്തിലും ഇളവുണ്ട്. മാളുകളിൽ പ്രവർത്തിക്കുന്ന കഫേകളിലെ സ്വദേശിവത്കരണം 50 ശതമാനവും റസ്റ്റാറൻറുകൾ, ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലേത് 40 ശതമാനവുമായിരിക്കും. ഇവരുടെ അനുപാതം ഒരു ഷിഫ്റ്റിൽ 20 ശതമാനത്തിൽ കൂടരുതെന്നും യൂനിഫോം ധരിക്കണമെന്നുമാണ് വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.