സൗദിയിൽ മാളുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രം; തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ
text_fieldsജിദ്ദ: സൗദിയിൽ കച്ചവട മാളുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രം പരിമിതപ്പെടുത്തികൊണ്ടുള്ള തീരുമാനം പ്രാബല്യത്തിലായി. ഇതിനായി അനുവദിച്ച കാലയളവ് അവസാനിച്ചതിനാൽ ഇന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവ ശേഷി, സമൂഹിക മന്ത്രാലയം വ്യക്തമാക്കി.
ഇതോടെ മാളുകളിലേയും അതിന്റെ മാനേജ്മെൻറ് ഓഫീസുകളിലേയും പരിമിതമായ ചില ജോലികളൊഴികെ എല്ലാ ജോലികളും സ്വദേശികൾക്ക് മാത്രമായിരിക്കും. സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും തൊഴിൽ വിപണിയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കാനുള്ള മന്ത്രാലയത്തിന്‍റെ പദ്ധതികളുടെ തുടർച്ചയായാണ് മാളുകളിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം.
മാനവ വിഭവശേഷി ഫണ്ടുമായി സഹകരിച്ച് സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കാൻ നിരവധി പരിശീലന പരിപാടികൾ തൊഴിൽ സഹായ പദ്ധതികളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
2021 ഏപ്രിലിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്മ്മദ് ബിൻ സുലൈമാൻ അൽറാജിഹിയാണ് മാളുകളിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചത്. നാല് മാസത്തിനു ശേഷം ആഗസ്റ്റ് നാല് മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഇതിനായുള്ള നടപടിക്രമങ്ങൾക്ക് പുറത്തിറക്കിയ നിർദേശങ്ങളിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
51,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തീരുമാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വദേശികൾക്ക് മാത്രമായ ജോലികളിൽ വിദേശികളെ ജോലിക്ക് നിയമിക്കുക, സ്വദേശിവത്കരണ അനുപാതം പാലിക്കാതിരിക്കുക എന്നി രണ്ട് തരത്തിലുള്ള പിഴകളാണുണ്ടായിരിക്കുക. മാളുകളിൽ നിരവധി വിദേശികളാണ് ജോലി ചെയ്തുവരുന്നത്. സ്വദേശിവൽക്കരണ തീരുമാനം നടപ്പിൽ വന്നതോടെ അവർക്ക് മറ്റ് ജോലികളിലേക്ക് മാറേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.