പ്രഫഷന്‍ മാറ്റം തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു
text_fieldsറിയാദ്: തൊഴിലാളികളുടെ പ്രഫഷന്‍ മാറ്റം സൗദി തൊഴില്‍ മന്ത്രാലയം അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വെച്ചു. സ്വദേശിവത്കരണം ഊർജിതമാക്കാന്‍ ഇത് അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് ഭേദഗതിക്ക് പ്രചോദനമെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തൊഴില്‍ മന്ത്രാലയത്തിെൻറ ഒൗദ്യോഗിക മാധ്യമം വഴിയാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍ സ്വദേശികള്‍ ലഭ്യമല്ലാത്ത മൂന്ന് തൊഴിലുകളിലേക്ക് പ്രഫഷന്‍ മാറുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക ജോലിക്കാര്‍, മുക്കുവര്‍, ഇടയന്മാര്‍ എന്നീ തൊഴിലുകളിലേക്ക് പ്രഫഷന്‍ മാറുന്നതിന് വിലക്കില്ലെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍മദീന പത്രം റിപ്പോര്‍ട്ട് ചെയ്തു.
സ്വദേശികള്‍ക്ക് സംവരണം ചെയ്ത തൊഴിലുകളില്‍ നിന്ന് പ്രഫഷന്‍ മാറി വിദേശികള്‍ രാജ്യത്തെ വിവിധ തൊഴിലുകളില്‍ തുടരുന്നത് സ്വദേശിവത്കരണത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്നതാണ് പുതിയ നീക്കത്തിന് കാരണം. കൂടാതെ എൻജിനീയറിങ് ജോലികള്‍ പോലുള്ള പ്രഫഷനുകളിലേക്ക് മാറുന്നതിന് തൊഴില്‍ മന്ത്രാലയവും സൗദി എൻജിനീയറിങ് കൗൺസിലും കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മന്ത്രാലയം പുറത്തുവിട്ട വിജ്ഞാപനമനുസരിച്ച് ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ മൂന്ന് ജോലികള്‍ ഒഴികെ എല്ലാ തൊഴിലുകളിലേക്കും പ്രഫഷന്‍ മാറുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ്.
എൻജിനീയറിങ് വിസയിലല്ലാത്തവർക്ക് ഇനി എൻജിനീയറിങ് ജോലിയില്‍ തുടരാനാകില്ല
ദമ്മാം: എൻജിനീയര്‍ വിസയിലല്ലാത്തവര്‍ ഇനി എൻജിനീയറിങ് ജോലിയില്‍ തുടരാന്‍ പാടില്ലെന്ന് സൗദി കൗണ്‍സില്‍ ഓഫ് എൻജിനീയേഴ്സ് അറിയിച്ചു. ഇതര പ്രഫഷനുകളില്‍ നിന്ന് എൻജിനീയര്‍ ജോലിയിലേക്കുള്ള മാറ്റം തൊഴില്‍ മന്ത്രാലയം നിര്ത്തിവെച്ചതിെൻറ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇതോടെ നൂറു കണക്കിന് വിദേശികള്‍ പ്രയാസത്തിലാകും.
ഇഖാമയില്‍ എൻജിനീയര്‍ പ്രഫഷന്‍ രേഖപ്പെടുത്താത്ത എൻജിനീയര്‍മാരെ മൂന്ന് മാസത്തിനുള്ളില്‍ പിരിച്ചുവിടണമെന്ന് തൊഴിലുടമകളോട് കൗണ്‍സില്‍ നിര്‍ദേശിച്ചു. സൗദി കൗണ്‍സില്‍ ഓഫ് എൻജിനീയേഴ്സ് കഴിഞ്ഞ ദിവസം വ്യവസായികള്‍ക്കയച്ച സര്‍ക്കുലറിലാണ് നിർദേശം. പുതിയ എൻജിനീയര്‍മാരെ കൊണ്ടുവരാനുള്ള പരിഷ്കരിച്ച മാര്‍ഗരേഖ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും കൗണ്‍സില്‍ അറിയിച്ചു. ഇന്ത്യയില്‍നിന്ന് ( കേരളത്തിൽ നിന്ന് പ്രത്യേകിച്ച്) നിരവധി എന്‍ജിനിയറിങ് ബിരുദ ധാരികളാണ് മറ്റു തൊഴില്‍ വിസയില്‍ വന്ന് ഭാഗ്യം പരീക്ഷിക്കുന്നത്. നല്ല ജോലി ലഭിച്ചതിന് ശേഷം പ്രഫഷൻ മാറ്റുകയായിരുന്നു പതിവ്. ഇതോടെ ഈ സാധ്യത നിലച്ചു. നിലവില്‍ ഏഴായിരത്തോളം സ്വദേശി എൻജിനീയര്‍മാരാണ് ജോലി തേടി കൗണ്‍സിലിനെ സമീപിച്ചത്.
ഇത് നടപ്പിലാവുന്നതോടെ സ്വദേശികൾക്ക് ജോലി സാധ്യത കൂടുമെന്നും കൗണ്‍സില്‍ പ്രതീക്ഷിക്കുന്നുണ്ട്. സ്ഥാപനങ്ങള്‍ ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍ സമ്മര്‍ദം ചെലുത്തും. നിർദേശം നടപ്പിലാക്കി എന്ന് ഉറപ്പു വരുത്താന്‍ മുഹറം മാസത്തിന് ശേഷം പ്രത്യേക പരിശോധന ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിയമം കര്‍ശനമായ സാഹചര്യത്തില്‍ നാട്ടില്‍നിന്ന് വരുന്ന എന്‍ജിനീയര്‍മാര്‍ സൗദി കൗണ്‍സില്‍ മാര്‍ഗരേഖ അനുസരിച്ച് വരാന്‍ ശ്രദ്ധിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.