അഞ്ച് വർഷത്തെ ദുരിതം: ജോൺസൻ നാട്ടിലേക്കു മടങ്ങി
text_fieldsഅൽഖർജ്: പ്രവാസ പ്രതീക്ഷകൾ തകർന്ന് ജീവിതം ദുരിതത്തിലായ തമിഴ്നാട് സ്വദേശി ഇന്ത്യൻ സോഷ്യൽ ഫോറത്തിെൻറയും കേളിയുടെയും സഹായത്തോടെ നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങി. രാമനാഥപുരം സ്വദേശി ജോൺസണാണ് പ്രവാസത്തിെൻറ കഷ്ടപ്പാടുകൾ താണ്ടി നാട്ടിലേക്കു മടങ്ങിയത്. അഞ്ചു വർഷം മുമ്പാണ് ജോൺസൻ അൽഖർജിലെ സ്‌പോൺസറുടെ അടുത്ത് ജോലിക്കെത്തിയത്. നിസാര കാര്യങ്ങൾക്കു വരെ സ്‌പോൺസർ ദേഷ്യപ്പെടുകയും മർദിക്കുകയും ചെയ്യുമായിരുന്നു എന്ന് ജോൺസൺ പറഞ്ഞു. അഞ്ചു വർഷങ്ങൾക്കിടയിൽ സ്വന്തം കുട്ടി മരിച്ചിട്ടുപോലും ലീവ് നൽകിയില്ല. ശമ്പളം മുടങ്ങിയത് ചോദിച്ചതിന് കള്ളക്കേസുണ്ടാക്കി ജയിലിലുമാക്കി. കള്ളക്കേസാണെന്നു ബോധ്യപ്പെട്ട കോടതി കേസ് തള്ളിയെങ്കിലും സ്‌പോൺസർ വീണ്ടും കേസ് കൊടുത്ത് ജോൺസനെ ജയിലിലടക്കാൻ ശ്രമിച്ചു. തുടർന്ന് ജോൺസൺ ഇന്ത്യൻ എംബസിയെ സമീപിച്ചു.
സോഷ്യൽ ഫോറം അൽഖർജ് പ്രസിഡൻറ് മജീദ് ഷൊർണൂരും സെക്രട്ടറി യാസർ കോട്ടയവും വിഷയത്തിൽ ഇടപെട്ടു. സോഷ്യൽ ഫോറം വെൽഫെയർ ഇൻചാർജ് സിദ്ദിഖ് പട്ടാമ്പിയും മജീദും സ്‌പോൺസറെ നേരിൽ കണ്ട് സംസാരിച്ചു. ഒരു കെട്ടിടം പണി കഴിഞ്ഞു എക്സിറ്റ് അടിക്കാമെന്നു സ്‌പോൺസർ സമ്മതിച്ചു. കെട്ടിടം പണി കഴിഞ്ഞിട്ടും സ്‌പോൺസർ വാക്കു പാലിക്കാത്തതിനെ തുടർന്ന് സോഷ്യൽ ഫോറം ജോൺസണെയും കൊണ്ട് ലേബർ ഓഫീസറെ സമീപിച്ചു. ഗുരുതരമായ തൊഴിൽനിയമ ലംഘനം ബോധ്യപ്പെട്ട ലേബർ ഓഫീസർ സ്‌പോൺസറെ വിളിച്ചു വരുത്തി എക്സിറ്റ് അടിച്ചു കൊടുക്കുവാൻ നിർദേശിക്കുകയായിരുന്നു. ഒരു ശ്രീലങ്കൻ സ്വദേശി ടിക്കറ്റ് നൽകി. ശനിയാഴ്ച ജോൺസൻ നാട്ടിലേക്ക് മടങ്ങി. കേളി സാംസ്‌കാരിക വേദി നേതാക്കളായ നാസർ പൊന്നാനി, ഗോപാലൻ ചെങ്ങന്നൂർ, രാജിവൻ പള്ളിക്കോൽ തുടങ്ങിയവരും ജോൺസന് നാടണയാൻ സഹായ സഹകരണങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.