സച്ചാര്‍ സംരക്ഷണ സമിതി സെക്രട്ടേറിയറ്റ് ധര്‍ണക്ക് റിയാദിലെ മുസ്ലിം സംഘടനാ സംയുക്ത വേദിയുടെ ഐക്യദാര്‍ഢ്യം
text_fieldsറിയാദ്: സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ വരുത്തുന്ന വീഴ്ചകള്‍ക്കെതിരെ സച്ചാര്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണ്ണക്ക് റിയാദില്‍ ചേര്‍ന്ന പ്രവാസി മുസ്ലിം സംഘടനകളുടെ നേതൃയോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സച്ചാര്‍ റിപ്പോര്‍ട്ട് പ്രകാരം മുസ്ലിം സമുദായത്തിന് പ്രത്യേകമായി പദ്ധതികള്‍ ആവിഷ്കരിച്ച് മറ്റ് സംസ്ഥാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അത് കേരളത്തിലെ മുസ്ലിം പിന്നാക്ക ജനവിഭാഗത്തിന് നിഷേധിക്കുകയാണ് കേരള സര്‍ക്കാര്‍. ലളിതമായി പരിഹരിക്കേണ്ട വിഷയങ്ങള്‍ സങ്കീര്‍ണ്ണമാക്കി ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിക്കുകയും മുസ്ലിം ജനവിഭാഗം അവിഹിതമായി അവകാശങ്ങള്‍ നേടി എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുകയാണ്.
ന്യായമായ അവകാശങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിനെ വര്‍ഗീയമാക്കി അധിക്ഷേപിക്കുന്ന പ്രവണതയും നിലനില്‍ക്കുന്നു. സര്‍ക്കാര്‍ സമീപനങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുമാണ് മുസ്ലിം സംഘടനകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് ധര്‍ണ്ണ നടക്കുന്നത്.
റിയാദിലെ പ്രവാസി മുസ്ലിം സംഘടനകള്‍ സംയുക്ത വേദിക്ക് രൂപം നല്‍കി. സി.പി മുസ്തഫ (ചെയര്‍മാന്‍), റഹ്മത്ത് തിരുത്തിയാട് (ജനറല്‍ കണ്‍വീനര്‍), ഷാഫി ദാരിമി, അബ്ദുല്‍ ജലീല്‍, അഡ്വ. ഹബീബുറഹ്മാന്‍ (വൈസ് ചെയര്‍മാന്‍മാര്‍), സൈനുല്‍ ആബിദ് (ജോ. കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളും താജുദ്ധീന്‍ ഓമശേരി, യു.പി മുസ്തഫ, പി.പി അബ്ദുല്‍ ലത്തീഫ്, സൈതലവി ഫൈസി, ഖലീല്‍ പാലോട്, സിദ്ധീഖ് കോങ്ങാട്, റഷീദ് അലി, ഷഫീഖ് കൂടാളി എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമാണ്.
ആഗസ്റ്റ് ഏഴിന് ശനിയാഴ്ച റിയാദിലെ പ്രവാസി മുസ്ലിം സംഘടനകള്‍ സംയുക്തമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും സംയുക്ത വേദി പ്രസ്താവനയില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.